*വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ കാളവണ്ടിയിൽ യാത്രചെയ്യുന്നു*
തിരുവനന്തപുരം ∙ ഇരുചക്ര വാഹനങ്ങൾ ഉരുട്ടിയും മുച്ചക്രവാഹനങ്ങൾ കെട്ടി വലിച്ചും കുതിരവണ്ടിയിലും കാളവണ്ടിയിലും നേതാക്കൾ യാത്ര ചെയ്തും പിന്നാലെ പ്രവർത്തകരുടെ വൻ നിരയെ അണിനിരത്തിയും ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തിൽ മ്യൂസിയം ജംക്‌ഷനിൽ നിന്നു രാജ്ഭവനിലേക്കായിരുന്നു പ്രകടനം. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരടക്കം കാളവണ്ടിയിൽ യാത്ര ചെയ്തു.
നിയന്ത്രണമില്ലാത്ത ഇന്ധന വില വർധന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സൃഷ്ടിയാണെന്നു കെ. സുധാകരൻ പറഞ്ഞു. ‘യുപിഎ സർക്കാർ അധികാരം ഒഴിയുമ്പോൾ ഒരു ലീറ്റർ പെട്രോളിന് 66 രൂപയും ഡീസലിന് 50 രൂപയുമായിരുന്നു. ഇപ്പോൾ അത് പെട്രോളിന് 118 രൂപയും ഡീസലിന് 104 രൂപയുമായി. പാചകവാതക സിലണ്ടറിന്റെ വില ആയിരമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന അമിത നികുതി മൂലം അസംസ്കൃത എണ്ണയുടെ വില ഉയർന്നാലും താഴ്ന്നാലും ഇന്ധന വില കുതിക്കുകയാണ്. എല്ലാ മേഖലയിലും വിലക്കയറ്റമാണ്. സർക്കാരുകൾ ജനങ്ങളുടെ അന്തകരാവുകയാണ്’– സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇന്ധനവില നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ അതു കഴിഞ്ഞാൽ വില വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികരംഗം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്നും ജനങ്ങളെ കേന്ദ്രസർക്കാർ വിഡ്ഢികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, എഐസിസി സെക്രട്ടറി പി. വിശ്വനാഥൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർ പ്രസംഗിച്ചു.