പോത്തൻകോട് ∙ കഞ്ചാവ് കൈവശം സൂക്ഷിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിൽ പരിശോധനയ്ക്കെത്തിയ പൊലീസുകാർ ശരിക്കും ഞെട്ടി. കഞ്ചാവിനു പുറമെ വടിവാൾ ഉൾപ്പെടെ വിവിധ ആകൃതിയിലുള്ള വാളുകൾ, കത്തികൾ, എയർഗൺ അതിലുപയോഗിക്കുന്ന പില്ലെറ്റ് തുടങ്ങി നിരവധി മാരകായുധങ്ങൾ. സംഭവത്തിൽ തോന്നയ്ക്കൽ എജെ കോളജിനു സമീപം ഫൈസൽ മൻസിലിൽ നൗഫൽ ( 21 ) നെ വീട്ടിൽ നിന്നു തന്നെ റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് സംഘങ്ങളുമായി ബന്ധമുണ്ടെന്നറിഞ്ഞ് മാസങ്ങളായി നൗഫലിനു പിന്നാലെ പൊലീസ് ഉണ്ടായിരുന്നു. തിങ്കൾ ഉച്ചയ്ക്ക് രണ്ടോടെയാണ് നൗഫലിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവും ഒരു വടിവാളും അഞ്ച് വാളുകളും അഞ്ച് കത്തികളും എയർഗണ്ണും അതിലുപയോഗിച്ചുന്ന ഒരു പെട്ടി പില്ലെറ്റുകളും വീട്ടിനുള്ളിൽ നിന്നും പൊലീസിനു കിട്ടി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി രാസിത്തി നേതൃത്വത്തിൽ മംഗലപുരം എസ്ഐ ശ്രീനാഥ്,, ഡാൻസാഫ് ടീമിലെ അനൂപ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.