പഠനമുറി പദ്ധതി..

സൗകര്യങ്ങളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് അതിനുളള സംവിധാനം ഒരുക്കി നൽകുവാനായ് ആസൂത്രം ചെയ്തു നടപ്പിലാക്കുന്ന പദ്ധതിയാണ് പഠനമുറി പദ്ധതി.

പട്ടികജാതിക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് ഒരു പഠനമുറിയും, പട്ടികവര്‍ഗക്കാര്‍ക്ക് 30 പേര്‍ക്ക് ഒരു പഠനമുറി എന്ന രീതിയില്‍ സാമൂഹ്യപഠനമുറിയുമാണ് നിര്‍മ്മിച്ച നല്‍കുന്നത്.

2017 മുതല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ 120 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മ്മിക്കുന്ന ഒരു മുറിയ്ക്ക് 2 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. മേല്‍ക്കൂര കോണ്‍ക്രീറ്റ്, ചുവരുകളുടെ പ്ലാസ്റ്റര്‍, തറ ടൈല്‍ പാകുക, വാതില്‍, ജനല്‍, ഭിത്തി അലമാര, വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നിവ സ്ഥാപിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.

ധനസഹായ തുക നാല് ഘട്ടങ്ങളായാണ് ലഭിക്കുക. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് , ഭാഷാപരമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ പഠനമുറി പദ്ധതി ആരംഭിക്കുന്നത്.

 450 ചതുരശ്ര അടി വിസ്തീര്‍ണമുളള ഹാളുകളാണ് ഊരുകളില്‍ സാമൂഹ്യപഠനമുറിയായി തെരഞ്ഞെടുത്തിട്ടുള്ളത്.
 30 കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് ഗൃഹപാഠങ്ങള്‍ ചെയ്യാനും പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണം വരുത്താനും ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. മേശ, കസേര, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്റ്റഡി ടേബിള്‍, എല്‍ഇഡി മോണിറ്റര്‍, ഡിസ്‌പ്ലേ, ലൈബ്രറി, ലഘുഭക്ഷണം എന്നീ സൗകര്യങ്ങളെല്ലാം പഠനമുറികളിലുണ്ട്.