മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന പുനരാരംഭിക്കുന്നു

തിരുവനന്തപുരം:മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടങ്ങുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിജിപിയാണ് പരിശോധന പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എല്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്നാണ് ഡിജിപി നല്‍കിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആല്‍ക്കോമീറ്റര്‍ ഉപയോ​ഗിച്ചുള്ള പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നേരിട്ടുള്ള പരിശോധനകളില്‍ നിന്നു പൊലീസ് വിട്ടുനില്‍ക്കുകയായിരുനനു. കോവിഡ് സാഹചര്യങ്ങളില്‍ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും കര്‍ശനമാക്കും.

രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കില്‍ നാളെ മുതല്‍ക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്കും സാമൂഹിക അകലവും തുടര്‍ന്ന് കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നാലെയാണ് ‍ഡിജിപിയുടെ നിര്‍ദ്ദേശം.