കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഇനി കൃഷിയിടങ്ങളിലേക്കും.

സംസ്ഥാനത്തെ കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഇനി കൃഷിയിടങ്ങളിലേക്കും. കൃഷിഭവനിലെ ദൈനംദിന കാര്യങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും മേലധികാരികള്‍ നിരീക്ഷിക്കുകയും ചെയ്യും.

കൃഷി ഓഫിസുകള്‍ സ്മാര്‍ട്ടാകുന്നതിന്‍റെ ഭാഗമായാണ് പുതിയ കാല്‍വെപ്പ്. തുടക്കത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ ഒരു കൃഷിഭവന്‍ വീതം സ്മാര്‍ട്ടാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ മണ്ണ് പരിശോധനാസൗകര്യം, ബയോഫാര്‍മസി തുടങ്ങിയവ ഒരുക്കും.

പരിചയസമ്ബന്നരായ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി കര്‍ഷകരെ സഹായിക്കുന്നതിന് ഫ്രണ്ട് ഓഫിസ് അടക്കം ഓഫിസിന്‍റെ അന്തരീക്ഷം പൂര്‍ണമായും കര്‍ഷകസൗഹൃദമാക്കും. കൃഷിവകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' കാമ്ബയിന്‍ മാര്‍ഗരേഖയാണ് ഇക്കാര്യം വിശദമാക്കുന്നത്. കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പാക്കും. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും കൃഷിവകുപ്പിന്‍റെ തനത് പദ്ധതികളും കൃഷിഭവന്‍ വഴി നടത്തുന്നുണ്ട്. ഇതില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും മറ്റും നിരവിധി ആക്ഷേപമുണ്ട്.

പല പദ്ധതികളെക്കുറിച്ചും യഥാര്‍ഥ കര്‍ഷകരോ കര്‍ഷകസമിതികളോ അറിയുന്നില്ലത്രെ. അത് ഒഴിവാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ കൃഷിയിടങ്ങളിലേക്കും തിരിക്കുന്നത്. കൃഷിഭവനുകള്‍വഴി നല്‍കുന്ന നടീല്‍ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലടക്കമുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കും.

ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലെ ആശയവിനിമയം ലക്ഷ്യമിട്ട് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കും. സോഷ്യല്‍ ഓഡിറ്റിങ്ങും വരും. ഓരോ മേഖലയിലും ഓരോ സീസണിലും നടത്തേണ്ട കൃഷി, വിപണനം, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകരുമായി നിരന്തരം സംവദിക്കുന്നതിനാണ് ആപ്. ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളടക്കം കൃഷിഭവനിലെ ഓരോ ദിവസത്തെയും കാര്യങ്ങള്‍ മേലധികാരികള്‍ ഈ ആപ് വഴിയാവും നിരീക്ഷിക്കുക. വര്‍ഷാവര്‍ഷം ആവിഷ്‌കരിക്കുന്ന പദ്ധതികള്‍, ഗുണഭോക്തൃവിവരങ്ങള്‍, നടത്തിപ്പ് ചെലവ് തുടങ്ങിയവ കൃഷി ഉദ്യോഗസ്ഥര്‍തന്നെ ജനസദസ്സുകളില്‍ അവതരിപ്പിച്ച്‌ ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ ഓഡിറ്റ് വഴി ലക്ഷ്യം വെക്കുന്നത്.