*വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു സമരക്കാരെ പിരിച്ചുവിടും*

തിരുവനന്തപുരം: വൈദ്യുതിബോർഡിൽ ചെയർമാൻ ബി. അശോകും സി.പി.എം. സംഘടനയും തമ്മിലുള്ള ചേരിപ്പോര് പൊട്ടിത്തെറിയിൽ. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ചെയർമാന്റെ യോഗം തടഞ്ഞതിൽ ആസൂത്രകരായ ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളെ പിരിച്ചുവിടാൻ ബോർഡ് യോഗം തീരുമാനിച്ചു.

ഇവരെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച് ബോർഡിലെ വിജിലൻസ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണംകാണിക്കൽ നോട്ടീസ് നൽകി ആറുമാസത്തിനകം ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ് തീരുമാനം.

കുറ്റകൃത്യം അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതില്ലാത്തതിനാൽ കടുത്ത നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ, വിഷയത്തിൽ സർക്കാർ എന്തുനിലപാട് സ്വീകരിക്കുമെന്നതനുസരിച്ചാവും സ്ഥിതിഗതികൾ.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ്‌ കുമാറിനു പിന്നാലെ, ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ എക്സിക്യുട്ടീവ് എൻജിനിയറായി സ്ഥാനക്കയറ്റത്തിനു പരിഗണിച്ചെങ്കിലും വ്യാഴാഴ്ച ആ പട്ടികയിൽനിന്ന്‌ നീക്കി. യോഗം തടഞ്ഞവരിൽ മാർച്ച് 31-ന് പെൻഷൻപറ്റിയ ഒരു മുൻ ഓഫീസറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെൻഷൻ അനുവദിക്കുന്നതും തടഞ്ഞു.

എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഓഫീസേഴ്‌സ് അസോസിയേഷൻ നടത്തിയ സത്യാഗ്രഹമാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം.

ഇടപെടാതെ മന്ത്രിയും പാർട്ടിയും

അസാധാരണവും നാടകീയവുമായ സംഭവവികാസങ്ങളെക്കുറിച്ച് സി.പി.എം. നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല. മാനേജ്‌മെൻറിന്റെയും സമരക്കാരുടെയും പരാതികൾ അന്വേഷിക്കുമെന്നു പറഞ്ഞതല്ലാതെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും ഇടപെട്ടില്ല.

സുരേഷ്‌കുമാറിന്റെ സസ്പെൻഷൻ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സി.ഐ.ടി.യു. നേതാവ് എളമരം കരീം മാത്രമാണ് രംഗത്തെത്തിയത്. പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ അതുകഴിഞ്ഞ് സി.പി.എം. ഇടപെടുമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വിശദീകരണം.

തിങ്കളാഴ്ചമുതൽ സംഘടന അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടിയാകട്ടെ, പന്ത്രണ്ടിനേ തലസ്ഥാനത്തെത്തൂ.