വിജയ് ബാബു സംസ്ഥാനം വിട്ടു; പ്രതി കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതായിപോലീസ്

പീഡനക്കേസിൽ പ്രതി ചേർത്ത നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ്. വിജയ് ബാബു സംസ്ഥാനം വിട്ടു. കുറ്റം ചെയ്തെന്ന് പൊലീസിന് ബോധ്യപ്പെട്ടു . ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്നും കൊച്ചി ഡി സി പി വി യു കുര്യാക്കോസ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്താലാണ് പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്.