*രണ്ടാം നിലയിൽ ആകാശക്കാഴ്ച നഗരക്കാറ്റ്*

കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് പരിഷ്കരിച്ചു നിരത്തിലിറക്കിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ബസിൽ കന്നിയാത്ര നടത്തുന്ന മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും ആന്റണി രാജുവിന്റെയും ആഹ്ളാദം
തിരുവനന്തപുരം : രണ്ടാം നിലയിലിരുന്ന് ആകാശം കണ്ടും കാറ്റുകൊണ്ടും നഗരസഞ്ചാരത്തിനായി ബസ് നിരത്തിലിറങ്ങി. സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ഓപ്പൺ ഡെക്ക് ഡബിൾ െഡക്കർ ബസ് ഓടിത്തുടങ്ങി. നഗരത്തിന്റെ സൗന്ദര്യവും പ്രധാന സ്ഥലങ്ങളും കണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ പകലും രാത്രിയും ട്രിപ്പുകൾ നടത്തുന്ന ബസ്, മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ്ഓഫ് ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.

ഡബിൾ െഡക്കർ ബസിന്റെ രണ്ടാം നിലയുടെ മേൽക്കൂര മാറ്റി കാഴ്ചകൾ കാണാവുന്ന തരത്തിലാണ് ബസ് ഒരുക്കിയിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, കോവളം, ലുലു മാൾ എന്നിങ്ങനെയാണ് ബസിന്റെ റൂട്ട്. വൈകീട്ട് അഞ്ച് മുതൽ പത്തു വരെയാണ് നൈറ്റ് സിറ്റി റൈഡ്. രാവിലെ ഒൻപത് മുതൽ നാലു വരെ നീണ്ടുനിൽക്കുന്നതാണ് പകൽസമയ ഓട്ടം. രണ്ട് സർവീസിലും നിരക്ക് 250 രൂപയാണ്. തുടക്കകാല ഓഫർ എന്ന നിലയിൽ ടിക്കറ്റ് 200 രൂപയ്ക്കു ലഭ്യമാകും. ഡേ ആൻഡ് നൈറ്റ് യാത്രയ്ക്കായി ഒരുമിച്ച്‌ ടിക്കറ്റെടുക്കുന്നവർക്ക്് പ്രാരംഭ ഓഫറായി ഒരു ദിവസത്തേക്ക് 350 രൂപയായിരിക്കും ചാർജ്. പ്രാരംഭ ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഈടാക്കും. പകലും രാത്രിയും ചേർത്ത് ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജ്.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂർസാണ് വിനോദസഞ്ചാരികൾക്കായി ഈ ഡബിൾ െഡക്കർ സർവ്വീസ് ഒരുക്കുന്നത്. വിദേശരാജ്യങ്ങളിലെപ്പോലെ മേൽക്കൂര ഒഴിവാക്കാവുന്ന ഡബിൾ െഡക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിലെ നിരത്തിലിറങ്ങുന്നത് ആദ്യമായിട്ടാണ്. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്‌സ്, സ്നാക്‌സ് എന്നിവയും യാത്രയ്ക്കിടെ ലഭ്യമാണ്. ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈസ് ബസിന്റെ വിശദാംശം വിനോദസഞ്ചാരികൾക്ക് ഡി.ടി.പി.സി. മുഖേന ലഭ്യമാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മന്ത്രിയുടെ ആശയമാണ് സിറ്റി റൈഡ് എന്ന നിലയിൽ പ്രാവർത്തികമാക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മാതൃകാപരപമായ പ്രവർത്തനം നടത്തിയ അഞ്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ടൂറിസം മന്ത്രി പുരസ്‌കാരങ്ങൾ നൽകി.
സംസ്ഥാന ശിശുക്ഷേമസമിതിയിലെ കുട്ടികളും ജീവനക്കാരുമാണ് മന്ത്രിമാർക്കൊപ്പം ആദ്യ യാത്ര നടത്തിയത്. കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു"
_______________________________________
തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രയായ ഡബിൾ ഡെക്കർ ബസ് പുതിയ രൂപത്തിൽ അവതരിപ്പിച്ച് ഒരു ടൂറിസ്റ്റ് ആകർഷണമാക്കി ഇന്ന് നിരത്തിലിറക്കി. നഗരത്തിലെ പകൽ രാത്രി-കാഴ്ചകൾ ഇനി ഡബിൾ ഡെക്കറിന്റെ തുറന്ന മുകൾനിലയിൽ ഇരുന്ന് ആസ്വദിക്കാം. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആണ് ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. പ്രാരംഭ ഓഫർ എന്ന നിലയിൽ പകൽ യാത്രയ്ക്കും രാത്രി യാത്രയ്ക്കും 200 രൂപ വീതമാണ് ഫീസ്. രാത്രിയും പകലുമായി ബുക്ക് ചെയ്യുന്നവർക്ക് 350 രൂപയാണ് നിരക്ക്. പ്രാരംഭ ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഈടാക്കും. പകലും രാത്രിയും ചേർത്ത്  ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജ്. പൊതുജനങ്ങളുമായി നിരന്തരം മാതൃകാപരമായി പെരുമാറുന്ന ജീവനക്കാരാണ് കെഎസ്ആർടിസിയുടെ കരുത്ത്. അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർക്ക് പുരസ്‌കാരങ്ങൾ നൽകി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഡബിൾ ഡെക്കറിന്റെ ആദ്യയാത്രയിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികളോടും ജീവനക്കാരോടുമൊപ്പം സഞ്ചരിച്ചു. ബസിന്റെ മുകൾപ്പരപ്പിൽ ഇരുന്ന് നഗരത്തിലെ കൗതുകക്കാഴ്ചകൾ കുട്ടികൾ സാകൂതം നോക്കി കണ്ടു. കെ. എസ്. ആർ. ടി. സി സി എം ഡി ബിജു പ്രഭാകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു...
#ksrtc 
#nightlife 
#nightride 
#doubledecker