ആന്ധ്രയിലെ ഒരു സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളും, തെലുഗുദേശം എംപിയുടെ മകനും ഉള്‍പ്പെടെ 142 പേരെയാണ് ലഹരിപ്പാര്‍ട്ടിക്കിടെ ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഇതില്‍ 30 ഓളം സ്ത്രീകളും ഉള്‍പ്പെടുന്നു. നഗരത്തിലെ റാഡിസണ്‍ ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങി നിരവധി നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെടുത്തിരുന്നു.
അതേസമയം തന്റെ മകള്‍ക്ക് ലഹരിപാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് നാഗ ബാബു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തന്റെ മകന്‍ ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും, പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും കോണ്‍ഗ്രസ് നേതാവ് അഞ്ജന്‍ കുമാര്‍ യാദവ് പറഞ്ഞു. ഒരു പ്രമുഖ മുന്‍ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതാണ് ലഹരിപ്പാര്‍ട്ടി നടന്ന ആഡംബര ഹോട്ടല്‍. റെയ്ഡില്‍ പിടിച്ചെടുത്തത് പഞ്ചസാരയാണെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വിശദ പരിശോധനയില്‍ ഇത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ബഞ്ജാര സ്റ്റേഷന്‍ ഹൗസ് ഓഫിസറെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തു. ഈ സ്റ്റേഷന്റെ പരിധിയിലാണ് നിരോധിത ലഹരി വസ്തുക്കളുമായി പാര്‍ട്ടി സംഘടിപ്പിച്ചത്. ബഞ്ജാര ഹില്‍സ് പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ശിവ ചന്ദ്രയെയാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. പബ്ബുകളിലും ബാറുകളിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാതെ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ബഞ്ജാര സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എം സുദര്‍ശന് മെമോയും നല്‍കിയിട്ടുണ്ട്.