*ആറ്റിങ്ങലിൽ തുറക്കാത്ത വനിതാ ഹോസ്റ്റൽ**ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങൾ*

ആറ്റിങ്ങൽ : നിർമാണം പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ആറ്റിങ്ങൽ നഗരസഭയുടെ വനിതാ ഹോസ്റ്റൽ തുറക്കുന്നില്ല.
നഗരത്തിൽ ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനുമായെത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസം ഒരുക്കാൻ ലക്ഷ്യമിട്ടാണ് വനിതാ ഹോസ്റ്റൽ സജ്ജമാക്കിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഹോസ്റ്റൽ അടഞ്ഞുകിടപ്പാണ്.

മുൻ ഭരണസമിതിയുടെ കാലത്ത് വലിയകുന്നിൽ നഗരസഭയുടെ ഭൂമിയിൽ മുനിസിപ്പൽ ക്വാർട്ടേഴ്‌സിനു സമീപമാണ് വനിതാ ഹോസ്റ്റൽ നിർമിച്ചത്. കെട്ടിടം പൂർത്തിയാക്കി ഉപകരണങ്ങളും സ്ഥാപിച്ചശേഷമാണ് ഉദ്ഘാടനം നടത്തിയത്.20 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഹോസ്റ്റലിൽ ഒരുക്കിയിട്ടുള്ളത്.

ഹോസ്റ്റൽ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുൻ ഭരണസമിതി മുന്നോട്ടുപോകുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്.

എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നതായി മുൻ അധ്യക്ഷൻ എം.പ്രദീപ് പറഞ്ഞു. അടച്ചിടൽ വന്നതോടെ ഹോസ്റ്റൽ തുറക്കുന്നത് അനിശ്ചിതത്വത്തിലായി. പിന്നീട് കോവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കഴിയാൻ ഹോസ്റ്റൽ തുറന്നുകൊടുത്തു. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറിയ സ്ഥലങ്ങളിൽനിന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച കേന്ദ്രങ്ങളിലൊന്ന് ഇതായിരുന്നു.

ജോലിക്കും പഠനത്തിനും ഗവേഷണങ്ങൾക്കുമായി മറ്റു ജില്ലകളിൽനിന്ന്‌ ഒട്ടേറെ വനിതകൾ ആറ്റിങ്ങലിലെത്തുന്നുണ്ട്. വാടക വീടുകളിലോ സ്വകാര്യ ഹോസ്റ്റലുകളിലോ ആണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. വലിയ വാടക നല്കിയാണ് സ്വകാര്യ ഹോസ്റ്റലുകളിൽ ഇവർ താമസിക്കുന്നത്. നഗരസഭയുടെ ഹോസ്റ്റൽ തുറന്നാൽ ഇവരിൽ കുറച്ചാളുകൾക്കെങ്കിലും വലിയ ആശ്വാസമാകും.

*ഹോസ്റ്റൽ ഉടൻ തുറക്കും*

നഗരസഭയുടെ വനിതാ ഹോസ്റ്റൽ തുറക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിന്റെ പ്രവർത്തനം കുടുംബശ്രീയെ ഏല്പിക്കാനാണ് ആലോചിക്കുന്നത്. താമസക്കാർക്ക് മികച്ച ഭക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചുമതല കുടുംബശ്രീയെ ഏല്പിക്കുന്നത്. താമസിക്കാതെ ഹോസ്റ്റൽ തുറക്കും.
*എസ്.കുമാരി
നഗരസഭാധ്യക്ഷ*