എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തൃശൂർ:എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.മറ്റത്തൂര്‍കുന്ന് കാവനാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷോക്കേറ്റ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പാലയ്ക്കല്‍ വിശ്വംഭരന്റെ ഏകമകന്‍ ആകര്‍ഷ് (എട്ട്) ആണ് മരിച്ചത്. വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹപാഠിയായിരുന്ന ആകര്‍ഷിന്‍റെ മരണത്തില്‍ പകച്ചിരിക്കുകയാണ് സുഹൃത്തുകളും അധ്യാപകരും. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടിലെ രണ്ട് എര്‍ത്ത് കമ്പികളിലൂടെയും വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയ ആകര്‍ഷ് തിരിച്ചുവരാന്‍ വൈകി. വൈകിയപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ആകര്‍ഷിനെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വീടാണ്. മണ്‍ചുമരില്‍ ആണിയടിച്ചാണ് എര്‍ത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. ആണിയോടെ കമ്പി അല്പം അകന്ന നിലയിലാണ് കാണുന്നത്. കൊടകര ഇലക്‌ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രാഥമികപരിശോധന നടത്തി. കൂടുതല്‍ അന്വേഷണം ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്നു നടത്തും.