കൊട്ടാരക്കര/ആയൂർ /കടയ്ക്കൽ• കനത്ത മഴയും കാറ്റും കിഴക്കൻ മേഖലയിൽ പലയിടത്തും വ്യാപക നാശം വിതച്ചു. എംസി റോഡിൽ വൻതോതിൽ വെള്ളം ഉയർന്നത് വാഹനഗതാഗതം ദുഷ്ക്കരമാക്കി.
മരങ്ങൾ ലൈനിൽ വീണതിനെ തുടർന്ന് പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു . കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു. ചടയമംഗലത്തും കടയ്ക്കൽ എറ്റിൻകടവ് ആൽത്തറമൂട് റോഡിൽ എറ്റിൻകടവിലും വെള്ളം റോഡിൽ കയറി. ചടയമംഗലത്ത് വെള്ളം റോഡിലേക്ക് കയറിയത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിക്ക് സമീപം അമ്പലക്കര ബേബിയുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്നു. നെല്ലിക്കുന്നം കടാട്ട് ഏലായിൽ ദാമോദര വിലാസത്തിൽ സന്തോഷ്കുമാറിന്റെ വിളകൾ കാറ്റത്ത് നശിച്ചു. കൊട്ടാരക്കര ഇലക്ട്രിക് സെക്‌ഷൻ പരിധിയിൽ ഇന്നലെ വൈകുന്നേരം കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായി. വൈദ്യുത ലൈനിലേക്ക് മരം ചാഞ്ഞ് ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടായി.
കടയ്ക്കൽ പന്തളംമുക്ക്, ഇടത്തറ കുന്നുംപുറം,ചടയമംഗലം നെട്ടേത്തറ,ആറ്റുപുറം എന്നിവിടങ്ങളിൽ മരം റോഡിൽ വീണു. കടയ്ക്കൽ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചു നീക്കി. കടയ്ക്കൽ എറ്റിൻകടവിൽ അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം റോഡിൽ വെള്ളം നിറഞ്ഞു . കടയ്ക്കൽ ടൗണിലെ ഉൾപ്പെടെ പ്രധാന റോഡുകൾ എല്ലാം തകർന്നു. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസമായി. ടൗണിൽ വൺവേ റോഡ് കുഴികൾ ആയി മാറിയത് ഗതാഗതത്തിനു തടസ്സമായി.
⭕️വെള്ളക്കെട്ട് ഒഴിവാക്കാൻ കോടികൾ; എല്ലാം വെള്ളത്തിലായി
ആയൂർ • വെള്ളക്കെട്ട് ഒഴിവാക്കാൻ മുടക്കിയ കോടികൾ വെള്ളത്തിലായതായി മഴ സമയങ്ങളിൽ എംസി റോഡിലെ അവസ്ഥ കണ്ടാൽ ബോധ്യമാകും. ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിലും ആയൂർ ടൗണും പരിസരവും വെള്ളത്തിൽ മുങ്ങി. എംസി റോഡ് വികസനത്തിന്റെ ഭാഗമായി പലപ്പോഴായി കോടികൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിൽ ടൗണുകളിലെയും മറ്റും വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളുടെ നവീകരണത്തിനും മറ്റുമാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. എന്നാൽ ഫലപ്രദമായ രീതിയിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കിയില്ലെന്നാണ് ആക്ഷേപം.
ആയൂർ പാലത്തിനു സമീപം റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതോടെ ചെറുവാഹനങ്ങൾ ഏറെ സാഹസപ്പെട്ടാണ് ഇതുവഴി കടന്നു പോയത്. ഓടകളെ കാഴ്ച വസ്തുക്കളാക്കി ടൗൺ ഭാഗത്ത് മഴവെള്ളം പൂർണമായും റോഡിലൂടെയാണ് ഒഴുകിയത്. വെള്ളത്തോടൊപ്പം ഒഴുകി എത്തിയ ചെളിയും മണ്ണും റോഡിന്റെ പലഭാഗങ്ങളിലും നിരന്നു. ടൗണിലൂടെ മഴവെള്ളം കുത്തി ഒലിച്ചതിനാൽ കാൽനട യാത്രക്കാർ ഏറെ സാഹസപ്പെട്ടാണ് റോഡ് മുറിച്ചു കടന്നത്. റോഡിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകി എത്തിയതോടെയാണ് പാലത്തിനു സമീപം റോഡ് വെള്ളത്തിൽ മുങ്ങിയത്. പല ഭാഗങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ് ഓടകൾ അടഞ്ഞ നിലയിലാണ്.
Media 16