വർക്കല : പാപനാശത്ത് കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെടുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. കടലിന്റെ സ്വഭാവമറിയാതെ കുളിക്കാനിറങ്ങുന്നതും ശക്തമായ അടിയൊഴുക്കുമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. രണ്ടുമാസത്തിനിടെ നാല്പതോളം പേരാണ് തിരയിൽപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട് മധുര സ്വദേശികളായ മൂന്നുപേർ തിരയിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ഫെബ്രുവരി 27-ന് നാല് വ്യത്യസ്ത സംഭവങ്ങളിലായി ഏഴുപേരാണ് തിരയിൽപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ലൈഫ് ഗാർഡുകൾ സമയോചിതമായി ഇടപെടുന്നതു കാരണമാണ് ആളപായം ഉണ്ടാകാതിരിക്കുന്നത്.
അപകടങ്ങൾ വർധിക്കുമ്പോഴും അതിനനുസരിച്ച് ലൈഫ് ഗാർഡുകളെ നിയോഗിക്കാൻ കഴിയാത്തത് സഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്നു. ലൈഫ് ഗാർഡുകൾക്ക് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കാത്തതിനാൽ യാതൊരു സുരക്ഷയുമില്ലാതെയാണ് അവർ രക്ഷാപ്രവർത്തനം നടത്തുന്നത്. നിലവിൽ ഒരുസമയം എട്ട് ലൈഫ് ഗാർഡുകളുടെ സേവനമാണ് പാപനാശത്ത് ലഭിക്കുന്നത്.
2012 വരെ 15 പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. പാപനാശം, ഓവിന്റെ ഭാഗം, പ്രധാന ബീച്ച് എന്നീ മൂന്നു പോയന്റുകളിലാണ് ലൈഫ് ഗാർഡുകളുള്ളത്. രണ്ടുപേർക്ക് തിരുവമ്പാടി ബീച്ചിലാണ് ഡ്യൂട്ടി.
മുമ്പ് പാപനാശത്ത് അഞ്ച് പോയന്റുകളിൽ ലൈഫ് ഗാർഡുകളുണ്ടായിരുന്നു. കുറഞ്ഞതോടെ ജോലിഭാരം വർധിച്ചു. തിരയിൽപ്പെടുന്നവരുടെ അടുത്തേക്ക് എത്തുന്നതിനും താമസമുണ്ടാകുന്നു. ഇടയ്ക്കിടെ അപകടമരണങ്ങളുണ്ടാകുന്ന കാപ്പിൽ തീരത്ത് ഇപ്പോഴും ലൈഫ് ഗാർഡുകളില്ല. നിരവധി സഞ്ചാരികളെത്തുന്ന ആലിയിറക്കം, ഏണിക്കൽ, ഓടയം ബീച്ചുകളിലും ലൈഫ് ഗാർഡുകളില്ല. ഇവിടെയെല്ലാം കുളിക്കാനിറങ്ങുന്ന സഞ്ചാരികളുടെ ജീവന് ഒരു സുരക്ഷയുമില്ല. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ ജീവൻ പണയംവെച്ചാണ് ലൈഫ് ഗാർഡുകളും രക്ഷാപ്രവർത്തിനിറങ്ങുന്നത്. എട്ടുവർഷം പഴക്കമുള്ള റസ്‌ക്യൂ ബോർഡും 10 വർഷത്തിലേറെ പഴക്കമുള്ള സ്ട്രക്ചറും മാത്രമാണ് ഇവരുടെ പക്കലുള്ളത്. വാട്ടർ സ്കൂട്ടർ, സ്പീഡ് ബോട്ട് ഇവയിലൊന്ന് അത്യാവശ്യമാണ്. രക്ഷിച്ച് കരയിലെത്തിക്കുന്നവർക്ക് പ്രാഥമിക ശുശ്രൂഷയും നൽകേണ്ടതുണ്ട്. അതിന് ആധുനിക ഫസ്റ്റ് എയ്ഡ് ബോക്സും ഇല്ല. അവധിദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തീരത്ത് നിറയും. ഇവരുടെ സുരക്ഷയും നോക്കണം.
ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കടലിലിറങ്ങുന്നത് പതിവാണ്. മദ്യലഹരിയിലും മറ്റുമെത്തി കടലിലിറങ്ങി അപകടത്തിൽപ്പെടുന്നവരുമുണ്ട്. ദിനവും നൂറുകണക്കിനുപേർ എത്തുന്ന പാപനാശം തീരത്ത് അപകടങ്ങൾ വർധിക്കുമ്പോൾ അത് തടയുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല