ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ അക്രമികൾ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. അവനവഞ്ചേരി കല്ലുവിള വീട്ടിൽ മനോജിനാണ് ( 37 ) പരിക്കേറ്റത്. മനോജിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8ഓടെ ആറ്റിങ്ങൽ കരിച്ചിയിൽ റോഡിലാണ് സംഭവം.
ചെയർപേഴ്സൺ ഓഫീസിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കരിച്ചിയിൽഭാഗത്തുവച്ച് ചോരവാർന്ന നിലയിൽ ഒരാൾ വാഹനത്തിന് മുന്നിലെത്തി രക്ഷിക്കണമെന്ന് അപേക്ഷിച്ചു. വാഹനം നിറുത്തി പുറത്തിറങ്ങിയ ചെയർപേഴ്സൺ വിവരം അന്വേഷിച്ചു. സഹപ്രവർത്തകനെ വീട്ടിലാക്കി മടങ്ങുമ്പോൾ ഒരുസംഘം തന്നെ മർദ്ദിക്കുകയായിരുന്നെന്നാണ് രക്ഷതേടിയ ആൾ പറഞ്ഞത്. വിവരം ഉടൻ പൊലീസിൽ അറിയിച്ച് ആളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. അതിനുശേഷം യാത്ര തുടരാൻ ഒരുങ്ങുമ്പോഴാണ് ഇരുട്ടിൽ നിന്ന് ഓടിയെത്തിയ നാലുപേർ വാഹനത്തിന് മുന്നിലും വശങ്ങളിലും ഇടിച്ചു. കാർ നിറുത്തി പുറത്തിറങ്ങുമ്പോഴാണ് അക്രമിസംഘം കല്ലുകൊണ്ട് മനോജിന്റെ മുഖത്ത് ഇടിച്ചുവീഴ്‌ത്തിയശേഷം ഓടയിലേയ്ക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ചെയർപേഴ്സൺ ബഹളം വച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. നാട്ടുകാരും യാത്രക്കാരുമെത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.