കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്. ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് തകർക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നുതെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലെ ആരോപണം. കോൺഗ്രസിനെ ദേശീയ തലത്തിൽ തകർക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം പാർട്ടി കോൺഗ്രസിൽ നടന്നതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ ആരോപണം. ഇതിന് ഒരു ഇടനിലക്കാരൻ ഉള്ളതായി സംശയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിനെ നശിപ്പിക്കുക എന്നതാണ് സിപിഎം ബിജെപി ലക്ഷ്യം. ഇതിനായി ഇരു പാർട്ടികളും കൈകോർക്കുകയാണെന്നാണ് സുധാകരൻ്റെ ആക്ഷേപം. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം വി ഡി സതീശനും ആവർത്തിച്ചു. മുഖ്യന്ത്രിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരു സുപ്രഭാതത്തിൽ നിലച്ചുവെന്നാണ് സതീശൻ പറയുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇടയിലുള്ളത് വമ്പൻമാരായ ഇടനിലക്കാരാണെന്നും ഇവർ ആരെന്നത് താമസിയാതെ പുറത്ത് വരുമെന്നും സതീശൻ അവകാശപ്പെട്ടു. യെച്ചൂരി കേരളത്തിൽ വന്നത് കോൺഗ്രസിനെ ഒപ്പം നിർത്താനാണ്. പക്ഷെ തീരുമാനം മാറ്റിയാണ് മടക്കമെന്ന് സുധാകരൻ പറയുന്നു. പിണറായി വിജയന് അടിമപ്പെട്ടാണ് പാർട്ടി കോൺഗ്രസ് സമാപിച്ചതെന്നാണ് കെപിസിസി അധ്യക്ഷന്റെ ആക്ഷേപം. കേരളത്തിൽ ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമമെന്നും സിൽവർ ലൈനിന് പിന്നിൽ ഇടനിലക്കാരുണ്ടെന്നും സുധാകരൻ പറയുന്നു. കെ വി തോമസിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സെമിനാറല്ല വിഷയം, കോൺഗ്രസ് പ്രവർത്തകരെ കൊന്നു തള്ളിയവരുടെ പാർട്ടി വേദിയിൽ പോയതിനെയാണ് എതിർക്കുന്നതെന്ന് സുധാകരൻ വിശദീകരിക്കുന്നു. കേന്ദ്ര സംസ്ഥാന ബന്ധം സംസാരിക്കാൻ വേറെ വേദികളുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. എന്നാൽ കെ വി തോമസിനെതിരായ സൈബർ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സുധാകരൻ്റെ അവകാശവാദം. അറിവോടെയെന്ന് തെളിയിച്ചാൽ തോമസ് മാഷിന് മുന്നിൽ കുമ്പിട്ട് നിൽക്കുമെന്നും സുധാകരൻ പറയുന്നു. 'തോമസിന് ഭയങ്കര കോൺഗ്രസ് വികാരമാണെന്ന്' സുധാകരൻ പരിഹസിച്ചു.