മൂവാറ്റുപുഴ: ഹൃദ്രോഗിയായ അച്ഛൻ ജനറൽ ആശുത്രിയിൽ ഐ.സി.യു.വിൽ കിടക്കുമ്പോൾ, ദളിത് കുടുംബത്തിലെ മൂന്ന് പെൺകുട്ടികളടക്കം നാല് കൊച്ചുകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്തു. സംഭവമറിഞ്ഞെത്തിയ മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ രാത്രി പൂട്ടുപൊളിച്ച് കുട്ടികളെ വീടിനകത്തു കയറ്റി.
മൂവാറ്റുപുഴ പായിപ്ര പഞ്ചായത്ത് പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷ്‌കുമാറിന്റെ വീടാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജപ്തിചെയ്തത്. മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴയ്ക്കാപ്പള്ളി ശാഖയിൽനിന്ന് 2018-ൽ വായ്പയെടുത്ത ഒരുലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് കുട്ടികളെ ഇറക്കിവിട്ട് വീട് ബാങ്ക് സീൽ ചെയ്തത്.
നാലുതവണ ഹൃദയാഘാതം വന്നതിനെ തുടർന്ന് ചികിത്സയിൽ തുടരേണ്ടിവന്നതിനാൽ അജേഷിന് വായ്പ കൃത്യമായി തിരിച്ചടയ്ക്കാനായില്ല. കുറച്ച് തുക പലപ്പോഴായി അടച്ചുവെന്ന് അജേഷ് പറയുന്നു. ഇപ്പോൾ ഒന്നരലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. സംഭവസമയത്ത് ഭാര്യ അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു. നാലുമക്കളിൽ 10-ൽ പഠിക്കുന്ന മൂത്ത ആൺകുട്ടി പഠനാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. പിന്നെയുള്ളത് ഏഴിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അഞ്ചിൽ പഠിക്കുന്ന പെൺകുട്ടിയുമാണ്
അത്യാവശ്യം തുണിയും മറ്റും എടുത്തുകൊള്ളാൻ പറഞ്ഞ് പോലീസും വക്കീലും ബാങ്ക് ജീവനക്കാരും ചേർന്ന് ഇവരെ ഇറക്കിവിട്ട് വീട് പൂട്ടി സീൽ ചെയ്യുകയായിരുന്നുവെന്ന് പായിപ്ര പഞ്ചായത്ത് ഉപസമിതി ചെയർമാൻ എം.സി. വിനയൻ പറഞ്ഞു. പഞ്ചായത്തിൽ നിന്ന് കിട്ടിയ നാലു സെന്റിലാണ് കുടുംബം കഴിയുന്നത്. ഫോട്ടോഗ്രാഫറായിരുന്ന അജേഷ് രോഗിയോയതോടെ ജോലിക്കുപോകാൻ കഴിയാതായി.
പഞ്ചായത്തംഗങ്ങളായ നജി ഷാനവാസ്, ഷാഫി മുതിരക്കാലായിൽ, മുൻ അംഗങ്ങളായ കെ.പി. ഉമ്മർ, പി.എ. കബീർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചു.
കോടതിയാണ് നടപടി സ്വീകരിച്ചതെന്നും ഗൃഹനാഥൻ ആശുപത്രയിലാണെന്ന് അറിഞ്ഞ ഉടൻ താക്കോൽ തിരികെ നൽകാൻ ശ്രമിച്ചെന്നും ബാങ്ക് അധികൃതർ പറഞ്ഞു. അതനുസരിച്ച് മൂവാറ്റുപുഴ ഡിവൈ.എസ്.പി. ഓഫീസിൽ താക്കോൽ നൽകുകയും ചെയ്തു. അടഞ്ഞുകിടന്ന വീട്ടിൽ നടപടി പൂർത്തിയാക്കുക മാത്രമാണ് ചെയ്തത്. കുട്ടികളെ ഇറക്കിവിട്ടിട്ടില്ല. പ്രശ്നം രാഷ്ട്രീയവത്കരിക്കുകയാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.