അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ മഴ, തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ മുന്നറിയിപ്പ്

തിരുവനന്തപുരം:അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

സംസ്ഥാനത്ത് 14 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെങ്കിലും മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച്‌ ഈ ജില്ലകളില്‍ അന്നേദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.