*ഇരട്ടക്കുട്ടികളുടെ അച്ഛനമ്മ മാരായി രാമചന്ദ്രൻ നായരും ഓമനയും*

*കടിഞ്ഞൂൽ പ്രസവത്തിൽ ഇരട്ട കിടാങ്ങളെ സമ്മാനിച്ച ക്ഷീരകർഷകനായ രാമചന്ദ്രൻനായരുടെ പശുവും കുട്ടികളും രാമചന്ദ്രൻ നായരും ഓമനയും സമീപം*

കല്ലമ്പലം ∙ നാൽപതിലേറെ വർഷമായി ക്ഷീര കർഷക രംഗത്ത് സജീവമായ കർഷക ദമ്പതികൾക്ക് ഇരട്ട പശു കിടാങ്ങളുടെ പിറവി ഇരട്ടി മധുരമായി. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ കോയിക്കൽ വിളാകത്ത് വീട്ടിൽ ജെ.രാമചന്ദ്രൻ നായർ (73), ടി.ഓമന (71) ദമ്പതികൾക്കാണ് വളർത്തുന്ന പശുക്കളിലൊന്ന് കടിഞ്ഞൂൽ പ്രസവത്തിൽ രണ്ട് കിടാങ്ങളെ സമ്മാനിച്ചത്. കുട്ടികൾ ഒരാണും ഒരു പെണ്ണും. ഒന്നിനെ പ്രസവിച്ച് ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു അടുത്ത പ്രസവം. രണ്ട് കിടാങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. രണ്ടു വർഷം മുൻപ് 70,000 രൂപ വില വരുന്ന മറ്റൊരു പശു കടിഞ്ഞൂൽ പ്രവസവത്തിൽ മരിച്ചു പോയിരുന്നു. 

കുട്ടിയേയും ജീവനോടെ കിട്ടിയില്ല. അതിന്റെ വിഷമത്തിന് ഇടയിലാണ്  ഇരട്ട കുട്ടികളുടെ ജനനം. ഇത് വലിയ സന്തോഷമായെന്നും ദമ്പതികൾ പറഞ്ഞു. നിലവിൽ മൂന്നു വലിയ പശുക്കളും രണ്ടു കുട്ടി പശുക്കളും ഉണ്ട്. കൂടാതെ ആടും മൂന്നു കുട്ടികളും വേറെ. ഇരട്ട കുട്ടികൾക്ക് മൂന്നു മാസത്തോളം നല്ല രീതിയിൽ പാൽ കൊടുക്കേണ്ടി വരും. അതിനാൽ പാൽ വിൽപന കാര്യമായി നടക്കാൻ സാധ്യതയില്ലെന്ന് രാമചന്ദ്രൻനായർ പറഞ്ഞു. 42 വർഷമായി ക്ഷീര കർഷക രംഗത്ത് രണ്ടു പേരും സജീവമാണ്. പാൽ വിറ്റ് കിട്ടുന്ന ലാഭത്തിലാണ് വീട്ടു കാര്യങ്ങളും മറ്റും മുന്നോട്ട് പോകുന്നത്. വിഷമ സ്ഥിതികൾ ഉണ്ടെങ്കിലും പശുക്കളെയും ആടിനെയും മക്കളെ പോലെ  പരിപാലിക്കുന്ന ഈ വയോധിക ദമ്പതികൾ ഏവർക്കും മാതൃകയാണ്.