പാലംകോണം: മൂന്ന് പതിറ്റാണ്ടിലേറെയായി പാലാംകോണത്തെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും മാറി മാറി അന്തിയുറങ്ങി വന്ന നിർധനയായ ഉമ്മയ്ക്കും മകൾക്കും ചേക്കേറാൻ സ്വന്തമായി ഒരു തുണ്ട് ഭൂമി യാഥാർത്ഥ്യമായി. കടയ്ക്കാവൂർ പഞ്ചായത്ത് ഒന്നാം വാർഡ് മേലാറ്റിങ്ങലിലെ വാർഡ് മെംബർ പെരുംകുളം അൻസറിൻ്റെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് മൂന്ന് സെൻ്റ് ഭൂമി അനുവദിച്ചു. സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം ചിലരാൽ കബളിപ്പിക്കപ്പെട്ട് നഷ്ടമായ ഇവരുടെ ജീവിതം യാതന നിറഞ്ഞതായിരുന്നു. നിരാലംബയായ ഇവർ ഏറെക്കാലം ബീമാപള്ളിയിലും പരിസരത്തും അന്തിയുറങ്ങുകയും കുറെക്കാലം ഒരു വീട് സർക്കാരിൽ നിന്നും ലഭിക്കുന്നതിനായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുകയും ഫലമില്ലാതെ വന്നപ്പോൾ സ്വന്തം നാടായ പാലാംകോണം പ്രദേശത്തെ തെരുവ് ശരണമാക്കുകയുമായിരുന്നു. മുപ്പത് വർഷത്തിലേറെ പ്രതികൂല കാലാവസ്ഥയോടും തെരുവ് നായ്ക്കളോടും മല്ലിട്ട് ജീവിതം തള്ളിനീക്കിയ ഇവരുടെ അനുഭവം നാട്ടുകാർക്ക് കൗതുകമായിരുന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് പോലും സ്വാതന്ത്ര്യമില്ലാതെ യുവതിയായ മകളെയും കൂട്ടി തെരുവിൽ അലഞ്ഞ ഇവർക്ക് മുപ്പത് വർഷത്തിനിടെ പല തവണ അധികാരികൾ ഭൂമിയും വീടും വാഗ്ദാനം ചെയ്തെങ്കിലും, അതൊന്നും യാഥാർത്ഥ്യമായിരുന്നില്ല. ഒരു തുണ്ട് ഭുമിക്കായി അവർ കയറിയിറങ്ങാത്ത ഓഫീസുകളില്ല. നിരവധി പത്രവാർത്തകളും ചാനൽ ന്യൂസുകളും വന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മേലാറ്റിങ്ങലിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന അൻസർ നാട്ടുകാർക്ക് നൽകിയ വാഗ്ദാനത്തിൽ ഈ ഉമ്മയുടെയും മകളുടെയും ദുരിതത്തിന് പരിഹാരവും ഉൾപ്പെട്ടിരുന്നു. വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞ തനിക്ക് വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ കുടുംബത്തിന് വസ്തു ലഭ്യമാക്കുവാൻ സാധിച്ചത് തൻ്റെ പൊതുജീവിതത്തിലെ ഒരു പൊൻതൂവലായി കരുതുന്നുവെന്ന് അൻസർ പറയുന്നു. താമസിയാതെ ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീടിനുള്ള പരിശ്രമവും താൻ ഏറ്റെടുത്തതായി അൻസർ പറഞ്ഞു. കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ അൻസർ തന്നെയാണ് ഈ കുടുംബത്തിന് ഗ്രാമപഞ്ചായത്തനുവദിച്ച വസ്തുവിൻ്റെ പ്രമാണവും പട്ടയവും രേഖകളും കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല മറ്റ് വാർഡ് മെംബർമാർ ഉദ്യോഗസ്ഥർ മുതലായവർ സന്നിഹിതരായിരുന്നു.