കഴക്കൂട്ടം : ആകെയുള്ള 420 ഗർഡറുകളിൽ അവസാനത്തേത് ശനിയാഴ്ച വൈകീട്ട് സ്ഥാപിച്ചു. കഴക്കൂട്ടം മേൽപ്പാലം നിർമാണം അന്ത്യഘട്ടത്തിലാണ്. വരുന്ന ഓഗസ്റ്റിൽ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അറുപത്തൊന്നു തൂണുകൾക്കിടയിലായുള്ള 60 സ്പാനുകളിൽ ഏഴുവീതം ഗർഡറുകളാണ് സ്ഥാപിച്ചത്. അവയ്ക്കുമേൽ സ്ളാബുകൾ വാർക്കുന്ന ജോലി 57 സ്പാനുകളിൽ ചെയ്തുകഴിഞ്ഞു.
നടുവരമ്പും ഇരുവശത്തും കൈവരിയും വാർക്കുന്നത് അമ്പതോളം സ്പാനുകളിൽ പൂർത്തിയായി. തെക്കുഭാഗത്ത് ആറ്റിൻകുഴി മുക്കിൽനിന്ന് പാലത്തിലേക്ക് അപ്രോച്ച് റോഡ് പണിയുന്നത് ദിവസങ്ങൾക്കകം പൂർത്തിയാകും. വടക്കുഭാഗത്ത് മിഷൻ ആശുപത്രിയുടെ മുന്നിൽനിന്നാണ് അപ്രോച്ച് റോഡ് തുടങ്ങുക. ഈ അപ്രോച്ച് റോഡിനുള്ള സ്ഥലത്തുവെച്ചാണ് പാലത്തിന്റെ വടക്കേപ്പകുതിക്കുള്ള ഗർഡറുകൾ വാർത്തുകൊണ്ടിരുന്നത്. എല്ലാ ഗർഡറുകളും തൂണിന്മേൽ വെച്ചതിനാൽ ഇനി അവിടെയും അപ്രോച്ച് റോഡ് പണിയാനാകും. ഓഗസ്റ്റിൽ എല്ലാ പണികളും കഴിയുമെന്ന് കരാറെടുത്ത ആർ.ഡി.എസിന്റെ വൈസ് പ്രസിഡന്റ് (പ്രോജക്ട്‌സ്) കേണൽ എം.ആർ.ആർ.നായർ പറഞ്ഞു.
ഏറ്റവും വലിയ മേൽപ്പാലം
:അപ്രോച്ച് റോഡുകളടക്കം 2.7 കിലോമീറ്റർ നീളമുള്ള മേൽപ്പാതയാണിത്. നിർമാണം 2019 ഒക്ടോബറിലാണ് തുടങ്ങിയത്.
തെക്കുഭാഗത്ത് അപ്രോച്ച് റോഡ് ആറ്റിൻകുഴിയിൽനിന്നു തുടങ്ങുന്നതിനുപകരം തമ്പുരാൻമുക്കിൽനിന്നേ ഉയർന്ന റോഡ് പണിയാനും ആ റോഡിനു കുറുകെപ്പോകാൻ മൂന്ന് അടിപ്പാതകൾ പണിയാനും ആറുമാസം മുമ്പ് ആലോചനയുണ്ടായി. എന്നാൽ, സർക്കാരിൽനിന്ന് പൂർണ അംഗീകാരം ആയിട്ടില്ല. അംഗീകാരം കിട്ടിയാൽ തമ്പുരാൻമുക്കിൽനിന്ന് ഉയർന്ന റോഡ് പണി ഉടനെ തുടങ്ങാനാകുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് പറഞ്ഞു.
വേണ്ടിവന്നത് 420 ഗർഡറുകൾ
:ഓരോ ഗർഡറിന്റെയും നീളം മുപ്പത്തഞ്ചു മീറ്ററാണ്. ഓരോന്നും പണിയാൻ 35-ഓളം തൊഴിലാളികൾ മൂന്നുദിവസം ജോലി ചെയ്യണമായിരുന്നു. അങ്ങനെയുള്ള 420 ഗർഡറുകളാണ് ഈ പാലത്തിനായി വാർത്തത്.