വിഷു ദിനത്തില്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി മേല്‍ശാന്തിക്ക് നല്‍കിയത്. സംഭവം രാഷ്ട്രീയ മാനങ്ങള്‍ കൈവന്നതോടെ ദേവസ്വം കമ്മിഷ്ണര്‍ പണം സ്വീകരിക്കരുതെന്ന് ഉത്തരവിറക്കി. ദര്‍ശനത്തിനെത്തുന്ന കുരുന്നുകള്‍ക്ക് കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്. സംഭവം അറിഞ്ഞ എം എല്‍ എ പി ബാലചന്ദ്രന്‍ ഉള്‍പ്പടെയുള്ള ഇടത് നേതാക്കള്‍ ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചു. ചില വ്യക്തികള്‍ വിഷുക്കൈനീട്ടത്തിന്റെ പേരില്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് വ്യക്തികളില്‍ നിന്ന് പണം വാങ്ങരുതെന്ന നിര്‍ദേശം നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.