തിരുവനന്തപുരം: വീടുകളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി യാഥാർഥ്യത്തിലേക്ക്. തിരുവനന്തപുരത്ത് ഓഗസ്റ്റ് മുതൽ വാതക ഇന്ധനം അടുക്കളകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കൊച്ചുവേളിയിൽ സ്ഥാപിക്കുന്ന പ്രധാന പ്ലാന്റിൽനിന്ന് പൈപ്പ് ലൈൻ വഴി വീടുകളിലേക്കും വ്യവസായശാലകളിലേക്കും പാചകവാതകം നൽകും. ആദ്യഘട്ടത്തിൽ വെട്ടുകാട്-ശംഖുംമുഖം ഭാഗത്തുള്ള 1,200 മുതൽ 1,500 വീടുകളിലാണ് പ്രകൃതിവാതകമെത്തിക്കുക. കൊച്ചുവേളിയിലെ പ്രധാന പ്ലാന്റിന്റെ നിർമാണവും പൈപ്പിടൽ ജോലികളും പുരോഗമിക്കുകയാണ്.
കേന്ദ്രപദ്ധതിയായ സിറ്റി ഗ്യാസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരാണ് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നത്. അറ്റ്‌ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡ് കമ്പനിയാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇതിനുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതിക്കായി കൊച്ചുവേളിയിൽ സ്ഥാപിക്കുന്ന പ്രധാന പ്ലാന്റ് ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതിനൊപ്പം ഗാർഹിക കണക്ഷനും നൽകും. കളമശ്ശേരിയിലെ പ്ലാന്റിൽനിന്നു വാഹനങ്ങളിലെത്തിക്കുന്ന ദ്രാവകരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽവെച്ച് വാതകരൂപത്തിലേക്ക് മാറ്റിസംഭരിക്കും. ദ്രാവകരൂപത്തിലെത്തിക്കുന്ന ഇന്ധനം വാതകമാക്കുമ്പോൾ 600 മടങ്ങ് വർധിക്കും.
നിലവിൽ ഓൾ സെയിന്റ്‌സ് മുതൽ വള്ളക്കടവ് ഭാഗത്തേക്കുള്ള പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുന്നത്. അടുത്ത ആഴ്ചയോടെ ചാക്ക ഭാഗത്തേക്കുള്ള പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങും. ഒരു വർഷത്തിനുള്ളിൽ കടകംപള്ളി, തോന്നയ്ക്കൽ, മംഗലപുരം ഭാഗത്തേക്കുകൂടി പൈപ്പ് ലൈൻ വ്യാപിപ്പിക്കും.
വെട്ടുകാട്-ശംഖുംമുഖം ഭാഗത്തെ വീടുകളിൽ കണക്ഷൻ സ്ഥാപിക്കുന്നതിനായുള്ള പ്ലംബിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം വീടുകളിൽ കണക്ഷൻ നൽകി. കൂടുതൽ വീടുകൾ പദ്ധതിയിൽ ഭാഗമാകാനുള്ള സമ്മതം അറിയിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ജില്ലയിൽ മൂന്നിടങ്ങളിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകളും തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തിനുള്ളിൽ ഏഴ് സ്റ്റേഷനുകൾ സജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
*ചെലവും അപകടസാധ്യതയും കുറവ്*
സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാനാകും. പൈപ്പ് ലൈൻ കടന്നുപോകുന്ന ഇടങ്ങളിലെ വ്യവസായങ്ങൾക്കും ഇന്ധനം വിതരണം ചെയ്യും. എൽ.പി.ജി.യെ അപേക്ഷിച്ച് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യതയും കുറവാണ്. ഗ്യാസ് തീർന്ന് സിലിൻഡർ മാറ്റേണ്ട ജോലിയില്ല. വൈദ്യുതിനിരക്ക് പോലെ മീറ്റർ അനുസരിച്ച് മാസാവസാനം തുക നൽകാം