*കനത്തമഴയിലും കാറ്റിലും ജില്ലയിൽ വ്യാപക കൃഷിനാശം*

തിരുവനന്തപുരം : ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്തമഴയിലും കാറ്റിലും ജില്ലയിൽ വ്യാപക കൃഷിനാശം. ശക്തമായ കാറ്റിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് വാഴ കർഷകർക്കാണ്. പലയിടത്തും കൂട്ടത്തോടെ വാഴകൾ ഒടിഞ്ഞുവീണു. ജില്ലയിൽ 3.41 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 861 കർഷകരെയാണ് നാശനഷ്ടം ബാധിച്ചത്. 50.3 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം.രാജു അറിയിച്ചു.

ഇതിൽ 41.01 ഹെക്ടർ പ്രദേശത്തും വാഴകൃഷിയാണ്. വെള്ളായണി, നേമം, മാണിക്കൽ, പുല്ലമ്പാറ, വെഞ്ഞാറമൂട്, വാമനപുരം, കളമച്ചൽ, ആനാട്, നന്ദിയോട്, കാട്ടാക്കട ഭാഗങ്ങളിലാണ് വാഴകൃഷിക്ക് കൂടുതൽ നാശനഷ്ടമുണ്ടായത്. കഴിഞ്ഞദിവസം പെയ്ത മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു. പാകമെത്താറായ വാഴക്കുലകൾ വൻതോതിൽ ഒടിഞ്ഞുവീണത് കർഷകരുടെ നഷ്ടം വർദ്ധിപ്പിച്ചു.

ഇതുകൂടാതെ മലയോരമേഖലകളിൽ റബ്ബർ മരങ്ങളും വ്യാപകമായി ഒടിഞ്ഞുവീണു. 91 ഹെക്ടറിലെ റബ്ബർ മരങ്ങളാണ് ഒടിഞ്ഞുവീണത്. തെങ്ങുകൾ കടപുഴകുകയും വെറ്റിലകൃഷിക്കുള്ള പന്തലുകൾ കാറ്റിൽ ഒടിഞ്ഞുവീണ് നശിക്കുകയും ചെയ്തിട്ടുണ്ട്. കാറ്റിലും വെള്ളക്കെട്ടിലും 8.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. വെഞ്ഞാറമൂട്, വെള്ളായണി, നന്ദിയോട്, വാമനപുരം മേഖലകളിലാണ് പച്ചക്കറിക്ക് കൂടുതൽ നാശമുണ്ടായത്.

ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ രണ്ടുവീടുകൾ പൂർണമായി തകർന്നു. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായാണ് വീടുകൾ തകർന്നത്. 20 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിൽ എട്ട് വീടുകൾ വീതവും കാട്ടാക്കട താലൂക്കിൽ മൂന്നുവീടുകളും വർക്കല താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു. കാറ്റിൽ മരങ്ങൾ കടപുഴകിവീണ് വാഹനങ്ങളും വൈദ്യുതത്തൂണുകളും കമ്പികളും നശിച്ചിരുന്നു