എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടേക്കും. എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. നിരവധി വാഹനങ്ങൾ അകമ്പടിയായി ഒപ്പമുണ്ട്. ഈ കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപാണ് അടുത്ത കൊലപാതകവും നടന്നതെന്നത് പൊലീസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ കൂടെ വീഴ്ചയായാണ് കരുതപ്പെടുന്നത്.
പാലക്കാട് മേലാമുറിയിലാണ് ഇന്ന് കൊലപാതകം നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ, ആർഎസ്എസിന്റെ ശക്തികേന്ദ്രത്തിൽ ഇദ്ദേഹം നടത്തിയിരുന്ന കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് സ്കൂട്ടറുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായ ഗോപികയാണ് ശ്രീനിവാസന്റെ ഭാര്യ. ഒരു മകളുണ്ട്.