കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ അഭ്യാസപ്രകടനം നടത്തി യാത്ര തടസ്സപെടുത്തിയ അഞ്ചുപേർ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തി യാത്ര തടസ്സപെടുത്തിയ പഴഞ്ഞി അയിനൂർ മുക്രകാട്ടിൽ വീട്ടിൽ സുഷിത്ത് (27), അയിനൂർ ആശാരി വീട്ടിൽ നിഖിൽദാസ് (20), അരുവായി പാറക്കാട്ട് വീട്ടിൽ അതുൽ (22), അയിനൂർ മുക്രക്കാട്ടിൽ വീട്ടിൽ ആഷിത്ത് (21) കടവല്ലൂർ പാടത്ത് പീടികയിൽ മുഹമ്മദ് യാസിൻ (18) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ തൊട്ടിൽപാലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന ബസ്സ് പെരുമ്പിലാവിലെത്തിയപ്പോഴാണ് യുവാക്കൾ ബസ്സിനു മുന്നിൽ ബൈക്കുമായി കടന്നുകൂടിയത്. പിന്നീട് ബസ്സിന് മറിക്കടക്കാനാകത്തവിധം അഭ്യാസപ്രകടനങ്ങളുമായി കുന്ദംകുളം എത്തുന്നതുവരെ ബസ്സ്ഡ്രൈവർക്ക് വെല്ലുവിളിയുയർത്തി യുവാക്കൾ ബൈക്ക് റേസ് ചെയ്ത് പോവുകയായിരുന്നു.

ബസ്സിനു മുന്നിൽ സഡൺ ബ്രേക്കിട്ടും ബസ്സിൻെറ ബോഡിയിൽ അടിച്ചും അപകടകരമായ രീതിയിൽ ബൈക്ക് റേസ് ചെയ്തും യാത്ര തടസ്സപെടുത്തിയ യുവാക്കൾ കുന്ദംകുളത്തെത്തിയപ്പോൾ ബസ്സിൽ കയറി ബസ്സ് ജീവനക്കാരേയും യാത്രക്കാരേയും അസഭ്യം പറയുന്നതുമായ വീഡിയോ യാത്രക്കാർ മൊബൈൽഫോണിൽ  റെക്കോർഡ് ചെയ്ത്  പോലീസിന് കൈമാറിയിട്ടുണ്ട്. ബസ്സ് ജീവനക്കാരുടെ പരാതിയിലാണ് കുന്ദംകുളം പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഓർക്കുക - 
വാഹനങ്ങൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നതരത്തിൽ രൂപമാറ്റങ്ങൾ വരുത്തുക, സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള തൃശ്ശൂർ ജില്ലയിലെ വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം തൃശ്ശൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ വിനെ 9188961008 എന്ന നമ്പരിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. സ്ഥലം, താലൂക്ക് എന്നീവിശദാംശങ്ങൾ ഉൾപെടുത്തേണ്ടതാണ്