സര്‍ക്കാര്‍ സേവനങ്ങളുടെ ലഭ്യത മുതല്‍ കാര്യക്ഷമത വരെയുള്ള വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ടെന്നതാണ് ആപ്പിന്റെ പ്രത്യേകത. കൂടാതെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള റേറ്റിംഗും സാധ്യമാണ്. ഏകദേശം 1070 ല്‍ അധികം റിവ്യൂകള്‍ ഇതിനോടകം ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അത് ലഭ്യമാക്കുന്നതിനുമായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഓഫീസിന്റെ ഫോണിലും ഇ-മെയിലിലും ഓഫീസുകളിലേക്ക് ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യം എന്റെ ജില്ല ആപ്പിലുണ്ട്.
ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്പില്‍ ആവശ്യമുള്ള ജില്ല തെരഞ്ഞെടുക്കാം. തുടര്‍ന്ന് വരുന്ന പേജില്‍ വകുപ്പ് തെരഞ്ഞെടുത്ത് വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പട്ടിക ലഭിക്കും. ആവശ്യമുള്ള ഓഫീസ് ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. ഓഫീസ് ക്ലിക്ക് ചെയ്താല്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും ലഭിക്കും. ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനും ആപ്പിലുണ്ട്.