നെടുമങ്ങാട്: സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ആനാട് നെട്ടറക്കോണം അനീഷ് ഭവനില്‍ സുധീഷ്. കടങ്ങള്‍ വീട്ടുന്നതിനും മികച്ച സാമ്പത്തിക അടിത്തറയുള്ള കുടുംബാന്തരീക്ഷമൊരുക്കുന്നതിനും അശ്രാന്തപരിശ്രമത്തിലായിരുന്നു സുധീഷ്. ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ഭാര്യ ഷൈനിയും കൂട്ടുനിന്നു. പെയിന്റിങ് ജോലിക്കൊപ്പം കച്ചവടവും മീന്‍വളര്‍ത്തലും അലങ്കാരപ്പക്ഷികളെ വളര്‍ത്തലുമൊക്കെ ചെയ്തിരുന്നു. ഇതിലെല്ലാം ഷൈനിയുടെ പിന്തുണയും സഹായവുമുണ്ട്. എന്നാല്‍, കടങ്ങളൊെക്ക വീട്ടാനുള്ള അവസരം സൗദിയിലെ ജോലിയിലൂടെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഭര്‍ത്താവിനെയും മകനെയും വിട്ട് വിദേശത്തേയ്ക്കു പോകാന്‍ ഷൈനിയെ പ്രേരിപ്പിച്ചത്.
അവിടെയുള്ള ബന്ധുവഴി ആശുപത്രിയില്‍ ഹോം നഴ്സായാണ് ജോലി ലഭിച്ചത്. കൊച്ചിയിലെ ഏജന്‍സി വഴിയാണ് വിസയും മറ്റും ശരിയാക്കിയത്. കേരളത്തില്‍നിന്ന് അഞ്ചുപേര്‍ക്ക് ഒരുമിച്ചാണ് ഏജന്‍സി നെടുമ്പാശ്ശേരി വഴി ദമാമിലേയ്ക്ക് ടിക്കറ്റ് നല്‍കിയത്. അതുകൊണ്ടാണ് സൗദിയിലേയ്ക്ക് പോകാന്‍ ഷൈനിക്ക് നെടുമ്പാശ്ശേരിയിലേയ്ക്ക് പോകേണ്ടിവന്നത്. ഇതിനുമുന്‍പുതന്നെ പലതവണ കുടുംബസമേതം കാറില്‍ കൊച്ചിയിലേയ്ക്കു പോയിരുന്നു.
ടിക്കറ്റും മറ്റു രേഖകളും വാങ്ങുന്നതിന് കഴിഞ്ഞ ശനിയാഴ്ചയും ഇവരെല്ലാവരും കൊച്ചിയിലേയ്ക്ക് കാറില്‍ പോയി മടങ്ങിവന്നതായി അയല്‍വാസിയും ബന്ധുവുമായ ഉഷ ഓര്‍ക്കുന്നു. മികച്ച ഡ്രൈവറായ സുധീഷിന് അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് ഇവരെല്ലാവരും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കെല്ലാം ഓടിയെത്തുന്ന, എല്ലാവരോടും സൗഹൃദമുള്ള സുധീഷിന്റെ മരണം നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു വിമാനത്തിന്റെ സമയം. ചൊവ്വാഴ്ച രാത്രി 12 മണിക്കുശേഷമാണ് ഇവര്‍ ആനാട്ടുനിന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞിറങ്ങിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനാട് നെട്ടറക്കോണത്തെ വീട്ടില്‍നിന്ന് ഷൈനിയും കുടുംബവും നെടുന്പാശ്ശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. ബന്ധുക്കളോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും ഷൈനിയറിഞ്ഞില്ല തന്റെ ഈ യാത്ര ഉറ്റവരുടെയും ബന്ധുക്കളുടെയും ജീവനെടുക്കാനാണെന്ന്. ഷൈനിക്ക് നഷ്ടമായത് ഭര്‍ത്താവ് സുധീഷ് ലാല്‍(37), ഏകമകന്‍ നിരഞ്ജന്‍ (അമ്പാടി-12), ഷൈനിയുടെ സഹോദരന്‍ ഷൈജു (34), അടുത്തബന്ധു അഭിരാഗ്(27) എന്നിവരെയാണ്.
ഉത്സാഹശാലിയും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്നു സുധീഷ് ലാല്‍. കുടുംബംപോറ്റാനായി ഓട്ടോറിക്ഷ ഓടിച്ചും പെയിന്റിങ് ജോലികള്‍ ചെയ്തും പണം കണ്ടെത്തിയിരുന്നു. നാലുമാസം മുന്‍പാണ് ആനാട് ബാങ്ക് ജങ്ഷനില്‍ പണിയുപകരണങ്ങള്‍ വാടകയ്ക്കുകൊടുക്കുന്ന പുണര്‍തം പവര്‍ടൂള്‍സ് എന്ന സ്ഥാപനം ആരംഭിച്ചത്. പകല്‍സമയം കടയില്‍ ഷൈനിയെ ഇരുത്തിയശേഷം സുധീഷ് ജോലിക്ക് പോകുമായിരുന്നു. കുടുംബ ഓഹരി വീതംവച്ചപ്പോള്‍ സഹോദരന്റെ ഓഹരികൂടി സുധീഷ് വാങ്ങി. ഇതില്‍ വന്ന കടം പരിഹരിക്കാനായി ഉഴമലയ്ക്കലില്‍ ഷൈനിയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തി ലോണെടുത്തു.
വായ്പത്തുക കൃത്യമായി അടയ്ക്കാനാകാതെ വന്നതോടെ ഇത് നിയമനടപടിയിലെത്തി. കൂടാതെ ആനാട്ടെ സ്വകാര്യസ്ഥാപനത്തില്‍നിന്നും പണം കടമെടുത്തിരുന്നു. ഏറെ സങ്കടത്തിലിരിക്കുമ്പോഴാണ് ഷൈനിക്ക് ഒരു ബന്ധുവിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ആശുപത്രിയില്‍ ജോലി തരപ്പെട്ടത്. പ്രതീക്ഷകളും മോഹങ്ങളും സഫലമാകുമെന്ന വിശ്വാസത്തിലാണ് ഷൈനി വിദേശത്തേയ്ക്കു പോകാന്‍ തീരുമാനിച്ചത്. ആ യാത്രയാകട്ടെ അവസാനിച്ചത് കണ്ണീരിലും.
ഉറ്റവരുടെ വിയോഗമറിയാതെ ഷൈനി
ഭര്‍ത്താവും മകനും സഹോദരനുമൊത്ത് ഒരു നല്ലനാള്‍ സ്വപ്നം കണ്ടായിരുന്നു നെടുമ്പാശ്ശേരിയിലേക്കുള്ള ഷൈനിയുടെ യാത്ര. എന്നാല്‍ വിധി കാത്തുവെച്ചത് മറ്റൊന്നാണ്. പാതിവഴിയില്‍ ജീവന്‍പൊലിഞ്ഞ ഭര്‍ത്താവിന്റെയും മകന്റെയും സഹോദരന്റെയും ബന്ധുവിന്റെയും വിയോഗമറിയാതെയാണ് ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് ഷൈനി എത്തിയത്. മുന്നില്‍ ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ്. ഒന്നുമറിയാതെ പിന്നില്‍ അപകടത്തില്‍ പരിക്കേറ്റ ഷൈനിയെയും കൊണ്ടുള്ള ആംബുലന്‍സും. അതിനു പിന്നിലായി സഹോദരന്‍ ഷൈജുവും ബന്ധുവായ അഭിരാഗിന്റെയും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും. കണ്ടുനിന്നവരുടെ കണ്ണുകള്‍ ഒരുനിമിഷം ഈറനണിഞ്ഞു.
ഭര്‍ത്താവും മകനും സഹോദരനും നഷ്ടപ്പെട്ടവിവരം ഇതുവരെ ഷൈനി അറിഞ്ഞിട്ടില്ല. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ ഷൈനിയോട് തത്കാലം വിവരങ്ങള്‍ പറയണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഏകവ്യക്തിയാണ് ഷൈനി. ഷൈനിക്കും ഗുരുതരമായ പരിക്കുകളുണ്ട്. ഒറ്റരാത്രികൊണ്ട് ഭര്‍ത്താവും മകനും സഹോദരനെയും നഷ്ടപ്പെട്ട ഷൈനി ഇനി ജീവിതത്തിലും ഒറ്റയ്ക്കാണ്.