വെള്ളിയാഴ്ച വൈകിട്ട് വീശിയ ശക്തമായ കാറ്റും ഒപ്പം മഴയും മടവൂരിൽ വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടാക്കി.ഗ്രാമ പഞ്ചായത്തംഗത്തിൻ്റെയടക്കം നാല് വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. പലയിടങ്ങളിലും കൃഷി നാശവുമുണ്ടായി. വൈദ്യുതി കമ്പികളിലേക്ക് മരച്ചില്ലകൾ വീണ് വൈദ്യുതി നിലച്ചു.
പാറയിൽ ജങ്ഷന് സമീപം വീടിൻ്റെ മേൽക്കൂരയിലേക്ക് മരത്തിൻറെ ശിഖരം പതിച്ച് മേൽക്കൂര തകർന്ന് വീണു. അകത്തുണ്ടായിരുന്ന ഗർഭിണിയായ യുവതിയ്ക്കും കുട്ടിയ്ക്കും നിസാര പരിക്കുകളുണ്ടായി. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ശേഷം മടങ്ങി എത്തി.ഹൈസ്കൂൾ ജങ്ഷന് സമീപം ഗ്രാമ പഞ്ചായത്തംഗം ഷൈജു ദേവിൻറെ വീടിൻ്റെ ടെറസിലെ ഷീറ്റ് മേഞ്ഞ മേൽക്കുര കാറ്റിൽ പറന്ന് റോഡിലേക്ക് പതിച്ചു.വാഹനങ്ങൾ ഇല്ലാത്തതിനാൽ അപായമുണ്ടായില്ല. എന്നാൽ മേൽക്കൂര റോഡിൽ പതിച്ചതിനാൽ ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. ഒടുവിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മേൽക്കൂര റോഡിൽ നിന്ന് മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഹൈസ്കൂളിന് സമീപം വീടിൻറെ മേൽക്കൂരയിലേക്കും, ഹോട്ടലിൻ്റെ പാചകപ്പുരയിലേക്കും മരത്തിൻറെ ശിഖരങ്ങൾ വീണ് ഭാഗികമായ നാശ നഷ്ടങ്ങളുണ്ടായി. മാങ്കാണത്ത് മരം വീണ് ഗതാഗത തടസമുണ്ടായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ബോർഡ് ജീവനക്കാർ രാത്രി വൈകിയും ശ്രമം തുടരുകയാണ്.