ഒളിവുജീവിതം സംശയാസ്പദം,രേഷ്മ സംരക്ഷണം നൽകിയതിൽ ദുരൂഹത,വീട്ടുടമസ്ഥൻ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജൻ

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ പ്രശാന്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.പ്രതിയായ ആര്‍എസ്‌എസുകാരനെ സിപിഎം പ്രവര്‍ത്തകര്‍ ആരും സംരക്ഷിച്ചിട്ടില്ല. അതിന് കൂട്ടുനിന്നിട്ടുമില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.

പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് പ്രതിക്ക് സംരക്ഷണം നല്‍കിയതെന്നാണ് മനസ്സിലാക്കുന്നത്. അവര്‍ അധ്യാപികയുമാണ്. അങ്ങനെയൊരു സംരക്ഷണം നല്‍കാന്‍ ഇടയായതിന് പിന്നിലും ചില ദുരുഹതകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്നും അധ്യാപികയ്ക്ക് പ്രതി നിജില്‍ ദാസുമായി തുടര്‍ച്ചയായ ബന്ധം ഉണ്ടെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്.

ഇതുസംബന്ധിച്ച തുടരന്വേഷണത്തിലാണ് അധ്യാപികയാണ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതെന്ന് കണ്ടെത്തുന്നത്. ഈ സ്ത്രീ ആര്‍എസ്‌എസിന്റെ ഒരു ക്രിമിനലിനെ ഒളിവില്‍ പാര്‍പ്പിക്കാനും ഭക്ഷണം നല്‍കാനും വേണ്ടി നേതൃത്വപരമായ പങ്കുവഹിക്കുകയാണ് ചെയ്തത്. പ്രതി ഒളിച്ചിരുന്ന വീട് ഇപ്പോള്‍ ആളു താമസിക്കുന്ന വീട് അല്ല. അധ്യാപിക ഉള്‍പ്പെടെ അണ്ടല്ലൂരിലാണ് കുടുംബത്തോടെ താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്.

അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായപ്പോള്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തുകയുണ്ടായി. ആ ചര്‍ച്ചയില്‍ താനും പങ്കെടുത്തിരുന്നു. ആ ചര്‍ച്ചയില്‍ ഉടനീളം അധ്യാപികയുടെ ഭര്‍ത്താവ് ആര്‍എസ്‌എസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. കോവിഡ് കാലത്ത് ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായപ്പോള്‍ ആര്‍എസ്‌എസിനൊപ്പം ചേര്‍ന്ന് അവിടെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തതും അധ്യാപികയുടെ ഭര്‍ത്താവാണ്. അത്തരമൊരാള്‍ എങ്ങനെയാണ് സിപിഎമ്മായി മാറുകയെന്ന് എം വി ജയരാജന്‍ ചോദിച്ചു.

സംഭവസമയം മുതലോ ചിലപ്പോള്‍ അതിന് മുമ്ബു മുതലോ അധ്യാപികയ്ക്ക് പ്രതിയുമായി ബന്ധമെന്താണ്?, എങ്ങനെയാണ് ഈ സ്ത്രീക്ക് ജോലി കിട്ടിയത്?, ആരാണതിന് പിന്നില്‍?, ഇക്കാര്യങ്ങളെല്ലാം ആര്‍എസ്‌എസും ബിജെപിയും വെളിപ്പെടുത്തേണ്ടതാണ്. കൊലക്കേസിലെ മുഖ്യപ്രതിയെ ഒളിവില്‍ പാര്‍പ്പിക്കുകയും ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്തത് ഈ സ്ത്രീയാണ്. അതുകൊണ്ടു തന്നെ ഈ ഒളിവുജീവിതം സംശയാസ്പദമാണ്. അറസ്റ്റിലായ ഈ അധ്യാപികയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. എന്തെങ്കിലും സംഗതികള്‍ ചെയ്യണമെങ്കില്‍ പിണറായിയില്‍ സിപിഎമ്മിന് ഇതാണോ വഴിയെന്നും എം വി ജയരാജന്‍ ചോദിച്ചു.