ആയൂർ ജംഗ്‌ഷനിലെ വ്യാപാരസ്ഥാപനങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തയാളെ ചടയമംഗലം പോലീസ് പിടികൂടി.

ചടയമംഗലം: ആയൂർ ജംഗ്‌ഷനിലെ വ്യാപാരസ്ഥാപനങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തയാളെ ചടയമംഗലം പോലീസ് പിടികൂടി. കൊല്ലം പത്ത‌നാപുരം ആനക്കുഴി പുത്തൻ വീട്ടിൽ ഉസ്മാൻ റാവുത്തർ മകൻ 58  വയസുള്ള അബ്ദുൽ റഷീദിനെയാണ് ചടയമംഗലം പോലീസ് പിടികൂടിയത്. ആയൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും പ്രതി സാധനങ്ങൾ വാങ്ങിയതിന് ശേഷം 500/- രൂപയുടെ കള്ളനോട്ട് നൽകി കടന്നു കളയുകയായിരുന്നു. സംശയം തോന്നിയ കടയുടമ  പ്രതി ചടയമംഗലം ഭാഗത്തേക്കു പോയ വിവരം വാഹന നമ്പർ അടക്കം ചടയമംഗലം പോലീസിനെ അറിയിക്കുകയും ചെയ്തു. ചടയമംഗലം സി.ഐ ബിജു, എസ്.ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  പ്രതി സഞ്ചരിച്ച വാഹനത്തെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്നും 11 അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും വ്യാജനോട്ടുകൾ കൊണ്ടുവരികയും സംസ്ഥാനത്തുടനീളം വാഹനത്തിൽ സഞ്ചരിച്ചു വ്യാപാരസ്ഥാപന ഉടമകളെ കബളിപ്പിച്ചു പണം സമ്പാദിക്കുന്ന രീതിയാണ് ഇയാൾ തുടർന്ന് വന്നത്. സമാനമായ കേസുകളിൽ ഇയാൾക്കെതിരെ ചെങ്ങന്നൂർ, തൃപ്പൂണിത്തുറ,കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.  എസ്.എച്ച്.ഒ ബിജു, എസ്.ഐ മോനിഷ്,  സി.പി.ഒ മാരായ  സനൽകുമാർ, അനീഷ്, പ്രഭാത്, അൻസിലാൽ, അജീഷ്,  ഹോം ഗാർഡ് മാരായ  മുരളി, സജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.