സാമ്പത്തിക: പ്രതിസന്ധിയെ ത്തുടർന്നുണ്ടായ പ്രക്ഷോഭത്തിനിടെ ശ്രീലങ്കയിലെ 26 മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ പ്രസിഡന്റ് ഗോതബായ രജപക്സെയ്ക്ക് രാജിക്കത്ത് നൽകിയെങ്കിലും അദ്ദേഹം തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച അർധരാത്രി നടന്ന യോഗത്തിലാണ് മഹിന്ദയുടെ മകൻ നമൽ രാജപക്‌സെ ഉൾപ്പെടെയുള്ള മന്ത്രിമാരെല്ലാം രാജി പ്രഖ്യാപിച്ചത്. എല്ലാ പാർടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് കൂട്ട രാജിയെന്നാണ് വിശദീകരണം.
മന്ത്രിസഭ പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായിരുന്നു. ഭരണമുന്നണിയിലെ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർടിയാണ് ആദ്യം ആവശ്യമുയർത്തിയത്. നാഷണൽ ഫ്രീഡം ഫ്രണ്ടും സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ഇതു മയപ്പെടുത്താനാണ് രാജി
ജനം തെരുവിൽ
അടിയന്തരാവസ്ഥയും 36 മണിക്കൂർ നീണ്ട കർഫ്യൂവും അവഗണിച്ച് ഞായറാഴ്‌ച ജനങ്ങൾ വൻപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തലസ്ഥാനമായ കൊളംബോയിലെ കാന്റിയിലും ജനം തെരുവിലിറങ്ങി. കാന്റിയിൽ പ്രക്ഷോഭകർക്കുനേരെ സൈന്യം കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളും പ്രവർത്തകരും തലസ്ഥാന നഗരത്തിലെ സ്വാതന്ത്ര്യ ചത്വരത്തിൽ പ്രതിഷേധിച്ചു. പ്രകടനമായി എത്തിയവരെ സുരക്ഷാ സൈനികർ തടഞ്ഞു. കാന്റിയിൽ നൂറുകണക്കിന് വിദ്യാർഥികൾ കർഫ്യു ലംഘിച്ചു തെരുവിലിറങ്ങി.
പണപ്പെരുപ്പം, ക്ഷാമം ; എന്നിട്ടും എണ്ണവില കുറവ്
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ക്ഷാമവും നേരിടുന്ന ശ്രീലങ്കയിൽ ഇന്ധനവില ഇന്ത്യയിലേക്കാൾ കുറവ്. കർഫ്യു പ്രഖ്യാപിച്ച ശനിയാഴ്‌ചത്തെ കണക്കുപ്രകാരം ശ്രീലങ്കയിൽ പെട്രോളിന് 254 ശ്രീലങ്കൻ രൂപ (64.78 ഇന്ത്യൻ രൂപ), ഡീസലിന് 176 രൂപ (44.89 ഇന്ത്യൻ രൂപ)യും മാത്രമാണ്. അതേസമയം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോൾ കിട്ടാൻ 114.30 രൂപയും ഡീസലിന് 101. 15 രൂപയും നൽകണം.
ഒരു ഇന്ത്യൻ രൂപയ്‌ക്ക് 3.9 ശ്രീലങ്കൻ രൂപയാണ് ഞായറാഴ്‌ചത്തെ മൂല്യം. പ്രതിസന്ധിക്കുമുമ്പ് ജനുവരിയിൽ പെട്രോളിന് 177ഉം (45.14 ഇന്ത്യൻ രൂപ) ഡീസലിന് 121 ഉം ശ്രീലങ്കൻ രൂപ (30.86 ഇന്ത്യൻ രൂപ)യുമായിരുന്നു. 2021 ജനുവരിയിൽ ഇത് യഥാക്രമം 157ഉം (40.04 ഇന്ത്യൻ രൂപ) 111 ഉം (28.31 ഇന്ത്യൻ രൂപ)ആയിരുന്നു. കടുത്ത സാമ്പത്തികത്തകർച്ചയുണ്ടായിട്ടും ഇന്ധനത്തിന്റെയും അവശ്യസാധനങ്ങളുടെയും വില ഇന്ത്യയുമായി താരതമ്യംചെയ്‌താൽ തുച്ഛമാണെന്ന് കാണാം. പെട്രോളും ഡീസലും പൂർണമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. എന്നാൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായിട്ടും ഇന്ത്യയിൽ 12ദിവസത്തിനുള്ളിൽ 8.71 രൂപയും ഡീസലിന് 8.42 രൂപയും വർധിപ്പിച്ചു. എണ്ണ ഉൽപ്പാദനമില്ലാത്ത ശ്രീലങ്കയ്ക്ക് പ്രതിവർഷം അഞ്ച് ശതകോടി ഡോളറിനടുത്ത് വേണം എണ്ണ ഇറക്കുമതിക്ക്. ഡോളർ പ്രതിസന്ധിയും ആഗോള വിപണിയിലെ ക്രൂഡിന്റെ വിലവർധനയും കണക്കിലെടുത്താണ് ശ്രീലങ്ക ഐഒസി മാർച്ചിൽ 49 രൂപ പെട്രോളിന് കൂട്ടിയത്