ആറ്റിങ്ങൽ : ഒരു മാസക്കാലമായി പൊട്ടിയ കുടിവെള്ള വിതരണ പൈപ്പ് അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ചാണ് അമ്പലമുക്ക് വാർഡ് കൗൺസിലർ കെ.ജെ.രവികുമാർ വാട്ടർ അതോറിട്ടി അസി.എഞ്ചിനിയറുടെ ഓഫീസിനു മുമ്പിൽ ഒറ്റയാൾ സമരം നടത്തിയത്. ആറ്റിങ്ങൽ നഗരസഭയിലെ പൈപ്പ് ലൈൻ റോഡ് ഒരു വർഷത്തിനു മുമ്പ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിക്കുകയുണ്ടായി. എന്നാൽ പുതിയ പൈപ്പ് ഇട്ടതിനു ശേഷം നിലവിലുണ്ടായിരുന്ന പൈപ്പിന് പൊട്ടൽ സംഭവിച്ചു. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ടായി. അതുമൂലം ഈ റോഡിൽ വാഹനഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് പലപ്രാവശ്യം വാർഡ് കൗൺസിലർ വാട്ടർ അതോറിറ്റി അധികൃതരോട് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും ഇതിനൊരു പരിഹാരം കാണാത്തതിനെ തുടന്നാണ് ഒറ്റയാൾ സമരത്തിന് മുതിർന്നതെന്ന് രവികുമാർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥൻ ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ നടത്താമെന്ന് ഉറപ്പ് കൊടുത്തതിനു ശേഷമാണ് കൗൺസിലർ സമരം അവസാനിപ്പിച്ചത്.