യെച്ചൂരി തുടരും, എ വിജയരാഘവൻ പിബിയിലേക്ക്?വൈകിട്ട് മഹാറാലി

കേരളത്തില്‍ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് പകരം എ വിജയരാഘവന്റെ പേരാണ് പരിഗണിക്കുന്നത്. സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദളിത് സമുദായാംഗം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പിബിയില്‍ ഇടംപിടിക്കുമോയെന്നും ഇന്നറിയാം. അങ്ങനെയെങ്കില്‍ മുന്‍ മന്ത്രി എ കെ ബാലന് നറുക്ക് വീണേക്കും.

മന്ത്രി കെ രാധാകൃഷ്ണന്‍, രാമചന്ദ്ര ദോം എന്നിവരാണ് കേന്ദ്രക്കമ്മിറ്റിയിലുള്ള ദളിത് നേതാക്കള്‍. ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ പിബിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ഇന്നത്തേക്ക് കാത്തിരിക്കൂ എന്നാണ് പ്രകാശ് കാരാട്ട് മറുപടി നല്‍കിയത്. പിബിയില്‍ ഹന്നന്‍ മൊള്ളയ്ക്ക് പകരം അശോക് ധാവ്‌ളെയും ( മഹാരാഷ്ട്ര), ബിമന്‍ ബോസിന് പകരം ശ്രീദീപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി, രാമചന്ദ്ര ദോം എന്നിവരാണ് പരിഗണനയിലുള്ളത്.

കശ്മീരില്‍ നിന്നുള്ള യുസഫ് തരിഗാമിയുടെ പേരും പിബിയിലേക്ക് പരിഗണിക്കുന്നുണ്ട്. എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്ന് ഒഴിയാനും സന്നദ്ധത അറിയിച്ചു. എന്നാല്‍ സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്.

കേരളത്തില്‍ നിന്നും എസ്‌ആര്‍പിക്ക് പുറമെ, വൈക്കം വിശ്വനും പി കരുണാകരനും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഒഴിയും. പകരം പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള എംസി ജോസഫൈനെ ഒഴിവാക്കിയാല്‍, പി സതീദേവി, ടിഎന്‍ സീമ, ജെ മേഴ്‌സിക്കുട്ടിയമ്മ, സി എസ് സുജാത എന്നിവരിലൊരാളെ പരിഗണിച്ചേക്കും. ത്രിപുരയില്‍ നിന്നുള്ള ദളിത് വിഭാഗക്കാരിയായ മുന്‍ എംപി ജര്‍ണദാസ് ബൈദ്യ കേന്ദ്രക്കമ്മിറ്റിയില്‍ ഇടംപിടിച്ചേക്കും.

പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച്‌ വൈകീട്ട് മഹാറാലി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്ബടിയില്‍ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളും പൊതുസമ്മേളനവേദിയായ എ കെ ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വളന്റിയര്‍മാരില്‍നിന്ന് തെരഞ്ഞെടുത്ത 2000 പേരാണ് മാര്‍ച്ച്‌ ചെയ്യുക. ഇതില്‍ 1000 വനിതകളാണ്.

വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിക്കും. എ കെ ജി നഗറിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.