*പാപനാശത്ത് തിരയിൽപ്പെട്ടവരെ രക്ഷിച്ചു*

വർക്കല : പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്ന തമിഴ്‌നാട് സ്വദേശികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തമിഴ്‌നാട് മധുര സ്വദേശികളും തിരുവനന്തപുരം ഇൻഫോസിസിലെ ജീവനക്കാരുമായ സെന്തിൽകുമാർ (24), ഗുരുപ്രസാദ് (23), രാഹുൽ പ്രസാദ് (23) എന്നിവരെയാണ് രക്ഷിച്ചത്.

ഞായറാഴ്ച രാവിലെ 8.40-ഓടെ പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം. കടലിൽ കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് മൂവരും മുങ്ങിത്താഴുകയായിരുന്നു. ലൈഫ് ഗാർഡുകളായ സജിത്ത്, നാദിർഷാ, പ്രവീൺ, മനു, സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ രക്ഷിച്ച് കരയിലെത്തിച്ചത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.