കുഞ്ഞ് ആരാധികയെ കാണാനെത്തി മമ്മൂട്ടി. ആശുപത്രിക്കിടക്കയില്‍ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയ്ക്കാണ് മമ്മൂക്ക ആഗ്രഹം സാധിച്ച് കൊടുത്തത്. മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെര്‍ത്‌ഡേ ആണ് മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ എന്ന് ആശുത്രി കിടക്കയില്‍ കിടന്ന് ചോദിച്ചുള്ള കുട്ടിയുടെ വിഡിയോ പുറത്ത് വന്നു. ഇതേ ആശുപത്രിയില്‍ യാദൃശ്ചികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ കുട്ടിയെ കാണാനെത്തുകയായിരുന്നു മമ്മൂട്ടി.
ഓര്‍മ്മ നഷ്ടപ്പെടുന്ന അപൂര്‍വരോഗമാണ് കുട്ടിക്ക്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയില്‍ കഴിയുകയാണ് കുട്ടി. ഇവിടേക്ക് യാദൃശ്ചികമായി മമ്മൂട്ടി എത്തുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മമ്മൂക്ക വന്ന് കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്നാണ് ആ നിമിഷം കുഞ്ഞ് ആരാധിക പറഞ്ഞത്. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയുടെ ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഹൃദയത്തില്‍ തൊടുന്ന ദൃശ്യങ്ങളെന്നാണ് ഇതെന്നും ഈ മമ്മൂട്ടിയെ ആണ് മലയാളികള്‍ക്ക് ഇഷ്ടം എന്നും വിഡിയോ കണ്ടവര്‍ പറയുന്നു.