കുന്നംകുളം അപകടം:വാൻ ഡ്രൈവറും സ്വിഫ്റ്റ് ഡ്രൈവറും അറസ്റ്റിൽ

തൃശൂര്‍: കുന്നംകുളത്ത് അപകടത്തില്‍ കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.പിക് അപ് വാനിന്റെയും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെയും ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്. കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി പെരിസ്വാമിയാണ് മരിച്ചത്.

പിക് അപ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീന്‍, സ്വിഫ്റ്റ് ഡ്രൈവര്‍ വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പെരിസ്വാമിയെ മീന്‍വണ്ടിയായ വാന്‍ ഇടിച്ച്‌ വീഴ്ത്തുകയായിരുന്നു.

ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ബസും നിര്‍ത്താതെ പോയി. ബസ് കയറിയിറങ്ങിയതാണ് പെരിസ്വാമിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

പെരിസ്വാമിയെ ഇടിച്ചിട്ട വാന്‍ പിന്നീട് പൊലീസ് വെള്ളറക്കാട് നിന്നും കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടേതാണ് വാന്‍. പെരിസ്വാമിയെ വാഹനം ഇടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു.