അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ച കൈക്കുഞ്ഞിന് രക്ഷകനായി സ്പീക്കർ.

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രക്ഷകനായി സ്പീക്കർ എം.ബി.രാജേഷ് . തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തൃത്താലയിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ . തിരുവനന്തപുരം മംഗലപുരത്ത് ദേശീയപാതയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കർ വാഹനം നിർത്തി. വാഹനാപകട സമയത്ത് കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണതാണെന്ന് മനസ്സിലായ സ്പീക്കർ വാഹനത്തിൽ ഉള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് പൊലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ സ്പീക്കർ കുഞ്ഞുമായി തൊട്ടടുത്തുള്ള കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. നിലവിൽ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.