*ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ് നാളെ*

*കൊടിക്കയർ കൈമാറി*
*ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്.നിർമലാനന്ദൻ നായരിൽനിന്നു ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ ഏറ്റുവാങ്ങുന്നു*
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു കൈമാറി. ബുധനാഴ്ച രാവിലെ ഒൻപതിന് ഉത്സവം കൊടിയേറും.

ജയിലിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് എൻ.എസ്.നിർമലാനന്ദൻ നായരിൽനിന്നു ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ കൊടിക്കയർ ഏറ്റുവാങ്ങി. വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് ഉത്സവത്തിനുള്ള കൊടിക്കയർ നൽകുന്നത്. ഒരുമാസത്തോളം വ്രതമെടുത്താണ് ഇവർ നൂലുകൊണ്ട് കയർ പിരിച്ചെടുക്കുന്നത്. ജോയിന്റ് സൂപ്രണ്ട് എസ്.സജീവ്, ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ്, ജോസ് വർഗീസ്, കിഷോർ, ക്ഷേത്രം ഉദ്യോഗസ്ഥരായ അനിൽകുമാർ ഡി.എസ്., ഹരി എ.കെ.മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആറിന് രാവിലെ മുളപൂജയ്ക്കുള്ള മണ്ണുനീർകോരൽ ചടങ്ങ് നടക്കും. തുടർന്ന് ഉത്സവത്തിനു കൊടിയേറും. 14ന് രാത്രി പള്ളിവേട്ട. 15ന് വൈകീട്ട് ആറാട്ട്. ഉത്സവത്തിനു മുമ്പുള്ള കലശങ്ങളും മറ്റു താന്ത്രികചടങ്ങുകളും തന്ത്രിക്കുണ്ടായ അസൗകര്യത്തെത്തുടർന്ന് ഇക്കുറി മാറ്റിവച്ചിരുന്നു. ഇവയെല്ലാം ആറാട്ടിനു ശേഷം നടത്തും.