*അനന്തപുരി ഹിന്ദുമഹാസമ്മേളനം തുടങ്ങി*

*ഗുരു വന്ദനം തിരുവനന്തപുരത്ത്‌ ആരംഭിച്ച ഹിന്ദു സമ്മേളനച്ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  വേദിയിലിരുന്ന സ്വാമി ചിദാനന്ദപുരിയുടെ കാൽതൊട്ടു വന്ദിക്കുന്നു കുമ്മനം രാജശേഖരൻ, കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി എന്നിവർ സമീപം*

തിരുവനന്തപുരം : ഹിന്ദു ധർമപരിഷത്തിന്റെ അനന്തപുരി ഹിന്ദുമഹാസമ്മേളനം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ആരംഭിച്ചു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതിനിയമം അനുസരിച്ചാൽ ജീവിതവിജയം നിശ്ചയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് മാത്രമാണ് നിയതമായ സംസ്കാരപാരമ്പര്യമുള്ളത്. അത് ഭൂതകാലത്തെ അനുസരിക്കുന്നതുമാണ്. ആ സംസ്കാരത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ ധർമം. അതിനു സമൂഹത്തിൽ ഐക്യവും സമാധാനവും സൃഷ്ടിക്കാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു.

കുടുംബങ്ങളെ ശക്തമാക്കുന്നതിലൂടെ സംസ്കാരത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് മുഖ്യപ്രസംഗം നടത്തിയ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചരിത്രത്തിൽനിന്നു പാഠമുൾക്കൊണ്ട സമൂഹം നിലനിൽക്കും. ഗുരുമഹിമ അറിഞ്ഞ ഭാരതം സ്വമഹിമയിലേക്കു വളരുന്നു.- അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ചെയർമാൻ ചെങ്കൽ രാജശേഖരൻനായർ അധ്യക്ഷത വഹിച്ചു. ശ്രീരാമദാസ മിഷനിലെ സ്വാമി ബ്രഹ്മപാദാനന്ദ, കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ, ഹിന്ദുധർമ പരിഷത്ത് പ്രസിഡന്റ് എം.ഗോപാൽ, സമ്മേളനത്തിന്റെ ജനറൽ കൺവീനർ യുവരാജ് ഗോകുൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രൊഫ. ബാലകൃഷ്ണൻനായർ പുരസ്കാരം ഡോ. ജി.അശോകന് ഗവർണർ സമർപ്പിച്ചു. ഡോ. കസ്തൂരിബായി, ചലച്ചിത്ര സംവിധായകൻ വിവേക് അഗ്നിഹോത്രി എന്നിവരെ ചടങ്ങിൽ ഗവർണർ ആദരിച്ചു. പി.ശ്രീകുമാർ രചിച്ച കശ്മീർ ഫയൽസ് എന്ന ഗ്രന്ഥം വിവേക് അഗ്നിഹോത്രി പ്രകാശനം ചെയ്തു.