പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്

പാലക്കാട്: ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്ത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ ബന്ധുവായ മുകേഷാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ ഒളിവിലാണെന്നും കോട്ടായി പോലീസ് പറഞ്ഞു. പരിക്കേറ്റ നാലുപേരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പ്രതിയായ മുകേഷ്, സുശീലയുടെ സഹോദരിയുടെ മകനാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. വെട്ടേറ്റ് ഇന്ദ്രജിത്തിന്റെ രണ്ട് കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്.

പ്രതിയായ മുകേഷിന്റെ പ്രണയം എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്ന് ബന്ധുവായ കുമാരനും പ്രതികരിച്ചു. മുകേഷിന് മാതൃസഹോദരിയുടെ മകളുമായി അടുപ്പമുണ്ടായിരുന്നു. സഹോദരങ്ങളായതിനാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇതാകാം ആക്രമണത്തിന് കാരണമായതെന്നും അമ്മാവനായ കുമാരന്‍ പറഞ്ഞു.