കാട്ടാക്കട: പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലംഗ കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക കെട്ടിടം തകര്‍ന്നു.
ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്‍റെ താല്‍ക്കാലിക വീട്ടില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.
രാത്രി ഒമ്ബത് മണിയോടെ പാചകവാതകം ചോര്‍ന്ന് വീട്ടിനുള്ളില്‍ തീപടര്‍ന്നു.
ഇതോടെ, രണ്ടുകുട്ടികളും രക്ഷാകര്‍ത്താക്കളും വീട്ടിനുപുറത്തിറങ്ങി. പ്രകാശ് തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരാന്‍ തുടങ്ങി. ഇതോടെ, പ്രകാശ് ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടി. ഇതിനിടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനിടെ, ഉഗ്രസ്ഫോടനത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഉള്‍പ്പടെയുള്ളവ ചാമ്ബലായി. കാട്ടാക്കടയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ ഡിനു മോന്‍, വിനു, സജു, അജിത്, സജു എസ്, അഭിലാഷ്, ടോണി ബര്‍ണാഡ്, വിനോദ്, എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.