*ഒറ്റൂരിൽ മുൻ ഇന്ത്യൻ വനിതാ വോളിബാൾ ക്യാപ്റ്റൻ അശ്വനി എസ്.കുമാർ വിദ്യാർഥികൾക്ക് കായികപരിശീലനം നൽകുന്നു*
കല്ലമ്പലം : കായികരംഗത്ത് നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാൻ ഒറ്റൂർ ഗ്രാമം ഒരുങ്ങുന്നു. വോളിബാൾ, കബഡി തുടങ്ങിയ കായികയിനങ്ങളിൽ രാജ്യാന്തര കളിക്കാരെ സംഭാവനചെയ്ത ഗ്രാമമാണ് ഒറ്റൂർ. കപിൽദേവ് പുരുഷ വോളിബാളിൽ ഇന്ത്യയെ നയിച്ചപ്പോൾ വനിതാ വോളിബാൾ ക്യാപ്റ്റനായത് അശ്വനി എസ്.കുമാറാണ്. ഇരുവരും ഒറ്റൂരിന്റെ മണ്ണിൽ പിറന്നവർ. നവകേരളം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിലൂടെ നിരവധി കബഡി താരങ്ങളെയും ഒറ്റൂർ കായികകേരളത്തിനു നൽകി. എന്നാൽ, സ്പോർട്‌സ് ക്ളബ്ബുകളുടെ പ്രവർത്തനം നിലച്ചതും കോവിഡിന്റെ വരവോടെ മൈതാനങ്ങൾ നിശ്ചലമായതും ഒറ്റൂരിലെ കായികരംഗത്തെ പിറകോട്ടടിച്ചു.
ഈ പശ്ചാത്തലത്തിലാണ് മുൻ ഇന്ത്യൻ വനിതാ വോളിബാൾ ക്യാപ്റ്റൻകൂടിയായ അശ്വനി എസ്.കുമാർ മുൻകൈയെടുത്ത് പുതുതലമുറയിലെ കുട്ടികൾക്ക് കായികപരിശീലനം ആരംഭിച്ചത്. തന്റെ അനുഭവസമ്പത്ത് പുതുതലമുറയ്ക്കു പകർന്ന് കായികരംഗത്തേക്ക് അവരെ കൊണ്ടുവരികയാണ് ലക്ഷ്യം. സ്പോർട്‌സ് കോച്ചിങ്ങിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥകൂടിയായ ഈ കായികതാരം. സ്വന്തം ഭൂമിയിൽത്തന്നെയാണ് കോർട്ടും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഗ്രാമീണമേഖലയായതിനാൽ സൗജന്യമായാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. രാവിലെ ആറു മുതൽ എട്ടു വരെയാണ് പരിശീലനം.
കുട്ടികൾക്ക് അടിസ്ഥാനപരിശീലനം നൽകി ഏതു കായികയിനത്തിനാണ് അനുയോജ്യമെന്നു കണ്ടെത്തി തിരിച്ചുവിടുകയാണ് ലക്ഷ്യമെന്ന് അശ്വനി എസ്.കുമാർ പറഞ്ഞു.
മുൻ എം.എൽ.എ. ബി.സത്യൻ അനുവദിച്ച ഫണ്ടുപയോഗിച്ച് ഒറ്റൂരിലെ നീറുവിളയിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയം പണി അന്തിമഘട്ടത്തിലാണ്. വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൻ, കബഡി, ബാസ്കറ്റ്ബോൾ തുടങ്ങിയവയ്ക്ക് ഇവിടെ സൗകര്യമുണ്ട്. സ്റ്റേഡിയം വരുന്നത് ഒറ്റൂരിന്റെ കായികകുതിപ്പിന് ഉത്തേജനം നൽകും. ഒരു കിലോമീറ്റർ മാത്രം അകലെ ആഴാംകോണം ജങ്ഷനിലെ നീന്തൽപരിശീലന കേന്ദ്രവും വടശ്ശേരിക്കോണത്ത് പണി പൂർത്തിയാകുന്ന വോളിബാൾ കോർട്ടും കായികപ്രതീക്ഷകളാണ്.