ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ എക്സ് ഇ കേസ് മുംബൈയിൽ റിപ്പോർട്ട് ചെയ്തു; ആശങ്ക

മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ എക്സ് ഇ കേസ് മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ ബി എ 1ന്റെയും ബി എ 2ന്റെയും സംയോജിത വകഭേദമാണ് എക്സ് ഇ. മുംബൈയിൽ പരിശോധിച്ച 376 സാമ്പിളുകളിൽ 230 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒരെണ്ണത്തിലാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത്.

യുകെയിലാണ് ആദ്യമായി എക്സ് ഇ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കൊവിഡിന്റെ എല്ലാ വകഭേദങ്ങളേക്കാളും വ്യാപന ശേഷി കൂടുതലുള്ളതാണ് എക്സ് ഇ എന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏറ്റവും വ്യാപന ശേഷി കൂടുതൽ ഉണ്ടായിരുന്ന ബി എ 2 ഉപവകഭേദത്തിനേക്കാൾ 10 മടങ്ങ് വ്യാപനശേഷി കൂടുതലുള്ളതാണ് എക്സ് ഇ.

അതേസമയം ഇതുവരെ ഒരിടത്തും എക്സ് ഇയുടെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ സമീപ ഭാവിയിൽ വലിയ സങ്കീർണതകൾ സൃഷ്ടിക്കാൻ പര്യാപ്തമായ വകഭേദമാണ് ഒമിക്രോൺ എക്സ് ഇ. ഒമിക്രോണിന്റെ ഈ പുതിയ വകഭേദത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തയിടെ വിശദമായ റിപ്പോർട്ട് പുറപ്പെടുവിച്ചിരുന്നു.