ആഗ്രഹം പോലെ അന്ത്യയാത്ര; അഭിവാദ്യമർപ്പിച്ച് സഹപ്രവർത്തകർ; ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകി

കൊച്ചി: അവസാനം വരെ ഉയർത്തിപ്പിടിച്ച ചെങ്കൊടി പുതച്ച് സഹപ്രവർത്തകരുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി എംസി ജോസഫൈൻ ഓർമ്മയിലേക്ക് മാഞ്ഞു. താൻ ആഗ്രഹിച്ചത് പോലെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്നാണ് മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയത്. 

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് എംസി ജോസഫൈന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ആവേശകരമായി പാർട്ടി പിറവിയെടുത്ത കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ നടന്ന മരണം പാർട്ടിയുടെ പിബി തലം മുതൽ അനുഭാവികൾ വരെയുള്ള മുഴുവൻ പേരുടെയും വേദനയായി.

ഇന്നലെ വൈകീട്ട് അഞ്ച് മണി വരെ കണ്ണൂരിൽ എകെജി ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച ശേഷം വിലപയാത്രയായാണ് എംസി ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ പാർട്ടി അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലും സി എസ് എ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെച്ചു. ഉച്ചയോടെയാണ് കളമശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറിയത്.