തിരുവനന്തപുരം• സിൽവർലൈനിൽ ഇടതു മുന്നണി പ്രചാരണ യോഗം നടത്താനിരിക്കെ പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമെന്നാണ് വിമർശനം. ലവ് ജിഹാദ് പരാമർശത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം.തോമസിനെതിരെയും കടുത്ത വിമർശനമുയർന്നു.ആറ്റിങ്ങലിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ വിളപ്പിൽനിന്നു സംസാരിച്ച പ്രതിനിധിയാണ് സിൽവർലൈൻ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. ആർക്കു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സിൽവർലൈൻ? നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത്ര തിടുക്കം എന്തിനാണ്? ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നുമായിരുന്നു വിമർശനം.ലവ് ജിഹാദ് പരാമർശത്തിൽ നെയ്യാറ്റിൻകര, പാറശാല, നേമം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ നമ്മുടെ പാർട്ടിയിൽ പോലുമുണ്ടെന്നാണ് ജോർജ് എം.തോമസിനെതിരെ ഉയർന്ന വിമർശനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പറഞ്ഞത് ചെറുതായി കാണാനാവില്ല. ജനം മറന്നിരുന്ന ലവ് ജിഹാദ് വിഷയം വീണ്ടും ഓർമിപ്പിക്കാനിടയാക്കി. പാലക്കാട് കൊലപാതകങ്ങൾ തടയാനാകാത്തതിന് പൊലീസിനെതിരെയും നിശിതമായ വിമർശനമുയർന്നു.തിരുവനന്തപുരം കോർപറേഷനിലെ എസ്‌സി/എസ്ടി ഫണ്ട് തട്ടിച്ച നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾ സ്വീകരിക്കുന്നതെന്ന് പാളയം, ചാല, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയിൽ ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പെടുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ.എ.റഹിം എംപിയും വിമർശിച്ചിരുന്നു.