പാർടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള കൊടിമരം കയ്യൂരിൽ ജാഥാ ലീഡർ പി കെ ശ്രീമതിക്ക് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ കൈമാറുന്നു. ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ
കണ്ണൂർ:രക്തസാക്ഷി സ്മരണകളും ജനകീയ സമരാരവങ്ങളും നിറഞ്ഞ ധീരചരിത്രഭൂമിയായ കണ്ണൂരിൽ സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് ചൊവ്വാഴ്ച ചെമ്പതാക ഉയരും. ബിജെപിയുടെ കിരാതഭരണം അവസാനിപ്പിക്കാനുതകുന്ന രാഷ്‌ട്രീയതീരുമാനങ്ങൾക്ക് വേദിയാകുന്ന പാർടി കോൺഗ്രസ്, രാജ്യം ഉറ്റുനോക്കുകയാണ്. ഇന്ത്യയിൽ കമ്യൂണിസ്‌റ്റ് പാർടിയുടെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ കണ്ണൂർ, പാർടി കോൺഗ്രസ് അവിസ്മരണീയമാക്കാൻ സജ്ജമായി. പൊതുസമ്മേളനവേദിയായ എ കെ ജി നഗറിൽ (ജവഹർ സ്‌റ്റേഡിയം) ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.
ജനനായകൻ ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധൻ രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി. ഗുജറാത്ത് സംഘം തിങ്കൾ പുലർച്ചെ കണ്ണൂരിലെത്തി. ബംഗാളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ചൊവ്വ രാവിലെ എത്തും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യൻ കമ്യൂണിസ്‌റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂർ നഗരമാകെ പാർടി കോൺഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര–-വയലാറിന്റെ മണ്ണിൽനിന്നും കൊടിമരം കയ്യൂർ സമരഭൂമിയിൽനിന്നും ബുധനാഴ്‌ച കണ്ണൂരിലെത്തിക്കും.
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി നേതൃത്വം നൽകുന്ന കൊടിമരജാഥ അനശ്വരരായ കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽനിന്ന് തിങ്കൾ വൈകിട്ട് പ്രയാണം തുടങ്ങി. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി. ജാഥാ മാനേജർ കെ പി സതീഷ്‌ചന്ദ്രനും മറ്റു നേതാക്കളും ഏറ്റുവാങ്ങി. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ സ്വാഗതം പറഞ്ഞു.
ചുവപ്പ് വളന്റിയർമാരുടെ അകമ്പടിയോടെ ചൊവ്വാഴ്‌ച കാസർകോട്, കണ്ണൂർ ജില്ലകളിൽ സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട് വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയിൽ എത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിക്കുന്ന പതാക ജാഥ ചൊവ്വ രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.