നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ (Vijay Babu) ലൈംഗിക ആരോപണകേസില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. വിജയ് ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മീമുകൾ പങ്കുവച്ച് കൊണ്ടാണ് റിമ രംഗത്തെത്തിയത്. ഇതാദ്യമായാണ് സിനിമാമേഖലയിൽനിന്ന് ഒരാൾ നടിക്കു പരസ്യപിന്തുണയുമായി രംഗത്തെത്തുന്നത്. ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്’ എന്ന ആശയം പങ്കുവയ്ക്കുന്ന മീമാണ് റിമ കല്ലിങ്കൽ പങ്കുവച്ചത്. നടിയെ പിന്തുണച്ചുകൊണ്ടുള്ള ഡബ്യൂസിസിയുടെ പ്രസ്താവനയും റിമ കല്ലിങ്കൽ പങ്കുവച്ചിട്ടുണ്ട്. 'അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്ല്യുസിസിയുടെ പ്രസ്താവന പങ്കുവച്ചത്.അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ (kerala Highcourt) സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു.സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാർത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.