തിരുവനന്തപുരം• അത്യപൂർവ ‘യാത്രയയപ്പുകളായിരുന്നു’ കഴിഞ്ഞ ഒരു മാസം സംസ്ഥാനത്തെ ജയിലുകളിൽ. സംസ്ഥാനത്തെ ഒരു മുൻ ജയിൽ മേധാവിക്കും ലഭിക്കാത്ത വികാരനിർഭര യോഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം വിരമിച്ച ജയിൽ ആസ്ഥാനകാര്യ ഡിഐജി എസ്.സന്തോഷിനുകഴിഞ്ഞ ദിവസം വിവിധ ജയിലുകളിൽ ലഭിച്ചത്. 32 വർഷത്തെ സേവനത്തിനു ശേഷം അവസാന കൂടിക്കാഴ്ച്ചയും ഔദ്യോഗിക പരിപാടിയും പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾക്കൊപ്പമായി.
സംസ്ഥാനത്തെ 53 ജയിലുകളിൽ 4 വനിതാ ജയിലുകൾ ഒഴികെ 40 ലേറെ ജയിലുകളിലാണു സഹപ്രവർത്തകരും ജയിൽ അന്തേവാസികളും അദ്ദേഹത്തിന് യാത്രയപ്പു നൽകിയത്. ചില ജില്ലകളിൽ രണ്ടും മൂന്നും ജയിലുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി യോഗം സംഘടിപ്പിച്ചു. 3 മന്ത്രിമാർ വ്യത്യസ്ത ദിവസങ്ങളിൽ യാത്രയപ്പു ചടങ്ങിൽ പങ്കെടുത്തു . 23നു പൂജപ്പുര സെൻട്രൽ ജയിലിൽ സബ് ഓഡിനേറ്റേഴ്സ് ഓഫിസേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥി സഹപാഠി കൂടിയായ മന്ത്രി സജി ചെറിയാൻ.
24ന് എക്സിക്യൂട്ടീവ് ഓഫിസേഴ്സ് സംഘടിപ്പിച്ച യാത്രയപ്പിൽ പങ്കെടുത്തതു മന്ത്രി വി.ശിവൻകുട്ടി. 26നു തൃശൂർ സെൻട്രൽ ജയിലിലെ ചടങ്ങിൽ മന്ത്രി ആർ.ബിന്ദുവാണു എത്തിയത്. പുറമേ സാംസ്കാരിക പ്രവർത്തകരുടെ പ്രത്യേക യാത്രയപ്പു ചടങ്ങും നടന്നു. 1990ൽ ജയിൽ വകുപ്പിൽ പ്രവേശിച്ച സന്തോഷ് സംസ്ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും പ്രധാന ജില്ലാ ജയിലുകളിലും വിവിധ തസ്തികകളിൽ ജോലി നോക്കി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ആയിരിക്കെയാണു ജയിൽ ആസ്ഥാനകാര്യ ഡിഐജി ആയത്. ജീവനക്കാരുടേയും തടവുകാരുടേയും ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിട്ടു.
മാവേലിക്കര വള്ളിക്കുന്നം സ്വദേശിയായ സന്തോഷ് ഇടതു സഹയാത്രികനായിരുന്നു. 15 വർഷത്തിലേറെ ജയിൽ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കഥ, കവിത, നാടകം എന്നീ രചനകളിൽ മികവു തെളിയിച്ച അദ്ദേഹം മികച്ച വാഗ്മിയുമാണ്. ഭാര്യ ശ്രീലേഖയും മകൾ ശർമദയും ജയിൽ ആസ്ഥാനത്തെ യാത്രയപ്പു ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം പടിയിറങ്ങും മുൻപ് പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ അന്തേവാസികളെ കാണാൻ എത്തിയപ്പോൾ 25 വർഷത്തിലേറെ അവിടെ കഴിയുന്ന ചിലരെ ചേർത്തണച്ചതു വികാര നിർഭരമായ കാഴ്ചയായിരുന്നു