കോര്‍പറേഷന്‍, ജില്ല, പഞ്ചായത്ത്/മുനിസിപ്പല്‍ ഡയറക്ടറേറ്റ് തലങ്ങളില്‍ ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ അധികാരമുള്ള സമിതികള്‍ രൂപവത്കരിച്ചു. കെട്ടിട നിര്‍മാണ ചട്ടലംഘനം സംബന്ധിച്ച കേസുകളില്‍ നിയമപരമായി അനുവദനീയമെങ്കില്‍ 20 ശതമാനം വരെ ഇളവുകള്‍ നല്‍കാവുന്ന നടപടികളാകും ഇതില്‍ പ്രധാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭകളില്‍ ചെയര്‍പേഴ്സന്‍, കോര്‍പറേഷനുകളില്‍ മേയര്‍ എന്നിവരാണ് സമിതിയിലെ ആദ്യ അംഗം. വൈസ് പ്രസിഡന്‍റ് അല്ലെങ്കില്‍ സെക്രട്ടറി കണ്‍വീനറാണ്.
കൂടാതെ അസി. എന്‍ജിനീയറും സമിതിയിലുണ്ട്. ഈ മൂന്നുപേര്‍ അടങ്ങുന്നതാണ് തദ്ദേശസ്ഥാപന തലത്തിലെ അധികാരസമിതി. ജില്ല തല സമിതിയില്‍ ജില്ല ആസൂത്രണ സമിതി അധ്യക്ഷന്‍ ചെയര്‍മാനും ജോയന്‍റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല ടൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഡയറക്ടര്‍ (അര്‍ബന്‍), ഡയറക്ടര്‍ (റൂറല്‍), ചീഫ് ടൗണ്‍ പ്ലാനര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണ് ഡയറക്ടറേറ്റ് തലത്തിലെ സമിതിയില്‍. കെട്ടിടനിര്‍മാണ പെര്‍മിറ്റിനായി മാത്രം 1.67 ലക്ഷം അപേക്ഷകള്‍ ഇനി തീര്‍പ്പാക്കാനുണ്ടെന്നാണ് കണക്ക്. ക്ഷേമ പെന്‍ഷന്‍, തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള മറ്റ് സേവനങ്ങള്‍ സംബന്ധിച്ച അപേക്ഷകളും അദാലത്തുകളില്‍ പരിഹരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത്/നഗരസഭകളിലും തദ്ദേശ വകുപ്പിന്‍െറ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റ് മുതല്‍ സെക്രട്ടേറിയറ്റ് വരെയും ജനുവരി 31 വരെ സ്വീകരിച്ചതും തീര്‍പ്പാക്കാന്‍ ബാക്കിയായതുമായ മുഴുവന്‍ ഫയലുകളിലും ഏപ്രില്‍ 30ന് മുമ്ബ് പരിഹാരമാണ് ലക്ഷ്യം.
ഓഫിസില്‍ തീര്‍പ്പാക്കേണ്ടതും മറ്റൊരു ഓഫിസിലേക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതും എന്നിങ്ങനെ രണ്ടായി ഫയലുകളെ തിരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മന്ത്രി എം.വി. ഗോവിന്ദന്‍ വിവിധ ജില്ലകളില്‍ നടത്തിയ 'നവകേരള തദ്ദേശകം 2022' പരിപാടിയുടെ തുടര്‍ച്ചയായാണ് ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്. തദ്ദേശ സ്ഥാപന തലത്തില്‍ ഏപ്രില്‍ 21, ജില്ല തലത്തില്‍ 23, ഡയറക്ടറേറ്റ് തലത്തില്‍ 28, സര്‍ക്കാര്‍ തലത്തില്‍ 30 എന്നിങ്ങനെയാണ് ഫയല്‍ തീര്‍പ്പാക്കേണ്ട അവസാന തീയതി.