പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം:രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി:പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനെയും ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗിയെയുമാണ് സസ്പെന്റ് ചെയ്തത്. പരിശീലനം നല്‍കിയ മൂന്ന് ഫയര്‍മാന്മാരെ സ്ഥലമാറ്റി. വകുപ്പ് തല നടപടിക്കും മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഫയര്‍ ഫോഴ്സ് മേധാവിയുടെ ശുപാര്‍ശ.

അതിനിടെ, പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് വിവാദമായതിന് പിന്നാലെ മത, രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി ഫയര്‍ഫോഴ്‌സ് മേധാവിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പരിശീലനം നല്‍കാം. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നേരത്തെ തന്നെ ഫയര്‍ഫോഴ്സ് മേധാവി ശുപാര്‍ശ ചെയ്തിരുന്നു. ആലുവയിലെ പരിശീലനം ഫയര്‍ഫോഴ്‌സിന് വലിയ തലവേദവ നസൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സിവില്‍ ഡിഫെന്‍സ്, കുടുംബശ്രീ, പോലുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പരിശീലനം നല്‍കുന്നതില്‍ തടസമില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.